
തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങള്‍ നിർണ്ണയിക്കുന്ന സ്പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം.
വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പില്‍ സ്ഥാന കയറ്റം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ ഇന്ന് രാത്രി എട്ട് മണി വരെ ജോലിയെടുത്ത് പ്രതിഷേധിക്കുന്നത്. കേരള മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനാണ് എട്ട് മണി വരെ ആർടി ഓഫീസുകളില്‍ അധിക സമയം ജോലി ചെയ്ത് പ്രതിഷേധ സമരം നടത്തുന്നത്.
നേരത്തേ രണ്ട് വെഹിക്കിള്‍ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിക്കുമ്പോള്‍ ഒരു സീനിയർ സൂപ്രണ്ടിന് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിച്ചിരുന്നു. ഇപ്പോള്‍ എട്ട് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ ജോയിന്റ് ആർടിഒ ആയി മാറുമ്പോള്‍ മാത്രമാണ് ഒരു സീനിയർ സൂപ്രണ്ടിന് സ്ഥാന കയറ്റം ലഭിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷൻ സാധ്യത വെട്ടിക്കുറച്ചതിനാലാണ് ഇത്തരമൊരു വേറിട്ട പ്രതിഷേധം നടത്തുന്നതെന്നും സമര പരിപാടിയില്‍ സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസുകളും പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.



