play-sharp-fill
എന്റെ ഫോട്ടോവെച്ചുള്ള പ്രചാരണം വേണ്ട ; ബിജെപിക്കെതിരെ നിയമനടപടിയെടുക്കും : വയനാട് കളക്ടറുടെ മുന്നറിയിപ്പ്

എന്റെ ഫോട്ടോവെച്ചുള്ള പ്രചാരണം വേണ്ട ; ബിജെപിക്കെതിരെ നിയമനടപടിയെടുക്കും : വയനാട് കളക്ടറുടെ മുന്നറിയിപ്പ്

 

സ്വന്തം ലേഖിക

വയനാട്: പൗരത്വ നിയമ ഭേദഗതിയുടെ പ്രചാരണ പരിപാടിക്ക് ബിജെപി തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള രംഗത്ത്. പൗരത്വ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുന്ന ബിജെപി ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നുമാണ് കളക്ടറുടെ ആവശ്യം.

മതസ്പർദ്ധ വളർത്തുന്ന തരത്തിൽ കമന്റിടുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഏഴിന് വൈകിട്ട് പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ ഭാരവാഹികൾ അടങ്ങുന്ന പ്രവർത്തകർ വയനാട് ജില്ലാ കളക്ടർ എന്ന നിലയിൽ എന്നെ സന്ദർശിക്കുകയും അവർ പ്രസ്തുത ലഘുലേഖ കൈമാറുന്ന ഫോട്ടോ എടുക്കുകയും ചെയ്തു.

എന്നാൽ ആ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും, തുടർന്ന് വളരെ വിഭിന്നവും, തെറ്റിദ്ധരിപ്പിക്കുന്നതും, അപമാനിക്കുന്നതുമായ കമന്റുകൾ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു.

ഒരു ജില്ലാ കളക്ടർ എന്ന നിലയിൽ ആർക്കും സന്ദർശിക്കാവുന്നതും, തങ്ങളുടെ പരാതികൾ, അഭിപ്രായങ്ങൾ എന്നിവ അറിയിക്കാവുന്നതുമാണ്. എന്നാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ വ്യാഖ്യാനിച്ച് , സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ നൽന്നത് അനുവദനീയമല്ല.

ഇത്തരത്തിൽ തെറ്റായ, സ്പർദ്ധ വളർത്തുന്ന കമന്റുകൾ നല്കുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണ്.വയനാടിന് ഒപ്പം നില്കുന്നതിന് നന്ദി- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കളക്ടർ ഏറ്റുവാങ്ങുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രചാരണം നടന്നിരുന്നു. ലഘുലേഖയിൽ പറയുന്ന കാര്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.