പോലീസുകാരനെ എ.ഡി.ജി.പിയുടെ മകൾ തല്ലി; പോലീസുകാരനെ കാത്തിരിക്കുന്നത് സസ്‌പെൻഷനും ജയിലും

പോലീസുകാരനെ എ.ഡി.ജി.പിയുടെ മകൾ തല്ലി; പോലീസുകാരനെ കാത്തിരിക്കുന്നത് സസ്‌പെൻഷനും ജയിലും

ശ്രീകുമാർ

തിരുവനന്തപുരം: പണി പോലീസിലാണേലും ഇന്നും പല പോലീസുകാരും ഏമാന്മാർക്ക് മീനും പച്ചക്കറിയും വാങ്ങലും വീട്ടിൽ കുക്കിങ്ങും, മക്കളെ നോക്കലും ഒക്കെയാണ് ഡ്യൂട്ടി. അതിനുമപ്പുറം ഇതാ കടും കൈ. പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകൾ ആണ് പോലീസുകാരനെ മർദ്ദിച്ചത്. സായുധസേനയിലെ പോലീസ് ഡ്രൈവർ ഗവാസ്‌കർക്കാണ് മർദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനകക്കുന്നിൽ നിന്ന് തിരിച്ച് വരും വഴിയാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായി പോലീസുകാരോട് മോശമായി പെരുമാറാറുണ്ടെന്നും, മോശമായി പെരുമാറുകയാണെങ്കിൽ ഇനി വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോളായിരുന്നു മർദ്ദനമെന്നും പോലീസുകാരൻ പറയുന്നു. എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങൾ ഉയരുന്നുണ്ട്. മകൾക്ക് ഫിസിക്കൽ ട്രെയിനിങ് നൽകുന്നതിനായി ഒരു വനിത പോലീസുകാരിയെ വീട്ടിൽ നിർത്തിയിട്ടുണ്ടെന്നാണ് ആരോപണം. എഡിജിപിയുടെ വീട്ടിൽ ജോലിക്ക് പോകുന്ന ക്യാമ്പ് ഫോളോവർമാരോടെല്ലാം തന്നെ എഡിജിപിയുടെ മകൾ മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു. മകളെ സിവിൽ സർവീസിൽ കയറ്റാൻ പെടാപാടുപെടുന്നതിനിടെയാണ് മകളുടെ പരാക്രമം പോലീസുകാരനോട്.
എഡിജിപിയുടെ ഡ്രൈവറായ പോലീസുകാരൻ കാറിനുള്ളിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിലാകുമ്പോൾ പോലീസുകാർക്കിടയിൽ സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ വീട്ടുകാരുടെ പ്രവർത്തികളിൽ അമർഷം പുകയുകയാണ്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും എഡിജിപിയുടെ മകൾക്ക് എതിരാണ്. പോലീസുകാരെ വീട്ടുജോലി എടുപ്പിക്കലും വ്യക്തിഹത്യയുമാണ് പ്രധാന വിനോദം. എന്നാൽ ആരും ചെറുവിരൽ അനക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഇതൊന്നും അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കേസിൽ കുടുങ്ങി പൊലീസുകാരന്റെ ജീവിതം അവതാളത്തിലാകും. സുദേഷ് കുമാറിന്റെ ഡ്രൈവർ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്‌കറാണു (39) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയ്യാറെടുക്കുന്ന മകളാണു ക്രൂരമായി മർദ്ദിച്ചതെന്നു ഗവാസ്‌കർ പോലീസിൽ പരാതി നൽകി. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്നാണു ഗവാസ്‌കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന് എഡിജിപി പറഞ്ഞു. മൂന്നു മാസമായി ഗവാസ്‌ക്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്‌കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു. ഡ്രൈവിങ് ജോലിയിൽ നിന്നു മാറ്റി ക്യാമ്പിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു. ഇതോടെയാണ് വൈരാഗ്യം ഇരട്ടിക്കുന്നത്. പ്രതികാരം തീർക്കാൻ മകൾ തുനിഞ്ഞിറങ്ങി. അതേസമയം എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ധയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരെ ചുമത്തിയിരിക്കുന്നത്.