video
play-sharp-fill
ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക

ദില്ലി: ഒരു ചീഫ് കമ്മീഷണറും പ്രിൻസിപ്പൽ കമ്മീഷണർമാരും കമ്മീഷണറുമടക്കം ആദായനികുതി വകുപ്പിലെ 12 മുതിർന്ന ഉദ്യോഗസ്ഥരോട് നിർബന്ധിത വിരമിക്കൽ സ്വീകരിച്ച് പുറത്തു പോകാൻ കേന്ദ്രധനമന്ത്രാലയത്തിൻറെ നിർദേശം. ധനമന്ത്രിയായി നിർമലാ സീതാരാമൻ ചുമതലയേറ്റ് ആദ്യം സ്വീകരിച്ച തീരുമാനങ്ങളിലൊന്നാണിതെന്നാണ് സൂചന.അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനാരോപണം ഉൾപ്പടെ നേരിടുന്ന ഉദ്യോഗസ്ഥരോടാണ് പുറത്തുപോകാൻ നിർദേശിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റും സെൻട്രൽ വിജിലൻസ് കമ്മീഷനും പല വകുപ്പുകളുടെയും വിജിലൻസ് മേധാവികൾക്ക് നിർബന്ധിത വിരമിക്കൽ നൽകേണ്ട ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താൻ നേരത്തേ നിർദേശം നൽകിയിരുന്നു.പുറത്ത് പോകുന്ന ഉന്നത ഉദ്യോഗസ്ഥർ ഇവരാണ്: അശോക് അഗർവാൾ (IRS 1985) ആദായനികുതി വകുപ്പ് ജോയൻറ് കമ്മീഷണർ – അഴിമതിയും വൻ ബിസിനസ്സുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതുമുൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു. എസ് കെ ശ്രീവാസ്തവ (IRS 1989), അപ്പീൽ കമ്മീഷണർ (നോയ്ഡ) – കമ്മീഷണറർ റാങ്കിലുള്ള രണ്ട് വനിതാ ഐആർഎസ് ഉദ്യോഗസ്ഥർ ശ്രീവാസ്തവയ്‌ക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചിരുന്നു. ഹൊമി രാജ്‌വംശ് (IRS 1985) – മൂന്ന് കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സമ്പാദിച്ചതായി കണ്ടെത്തി. ബി ബി രാജേന്ദ്ര പ്രസാദ് – ചില കേസുകളിൽ പണം വാങ്ങി ഒത്തു തീർപ്പിനും പ്രതികൾക്ക് അനുകൂലമായി അപ്പീൽ നൽകാനും ശ്രമിച്ചെന്ന കേസ്.പുറത്തുപോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പേര്: അജോയ് കുമാർ സിംഗ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസൂ രവീന്ദർ, വിവേക് ബത്ര, ശ്വേതാഭ് സുമൻ, രാം കുമാർ ഭാർഗവ.സെൻട്രൽ സിവിൽ സർവീസസ് പെൻഷൻ റൂൾ (1972) പ്രകാരമാണ് ഇവരോട് നിർബന്ധിത വിരമിക്കൽ സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഈ ചട്ടം നിലവിലുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമാണ് ഉപയോഗിക്കാറ്.