സിപിഐ-സിപിഎം പോര് മുറുകുന്നു, സിഐടിയു കൊടിമരം പിഴുതെറിഞ്ഞ വനംവകുപ്പ് ജീവനക്കാരുടെ കൈവെട്ടുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി, തൊഴിലാളികളെ പ്രതിസന്ധിയിലാക്കി അടവി എക്കോ ടുറിസത്തിന് അനിശ്ചിതകാല പൂട്ട്

Spread the love

കോന്നി: പത്തനംതി‌ട്ട ജില്ലയിലെ അടവിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ പ്രതിസന്ധിയിലാക്കി ഭരണപ്പാർട്ടിക്കാരുടെ ക്രൂരവിനോദം. തണ്ണിത്തോട്ടിലെ സിപിഐ-സിപിഎം പോരാണ് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് വിലങ്ങു തടിയാകുന്നത്.

യൂണിയനുകളുടെ തമ്മിലടിയിൽ ഇടപ്പെട്ട വനപാലകരെ സിപിഎം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തു് കുട്ടവഞ്ചി സവാരി നടക്കുന്ന വനമേഖലയിലെ അടവിയിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്.

ഗവി,അടവി, ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിനടപ്പിലാക്കാൻ ഒരുങ്ങുന്നതിനിടെയാണ് സമരം ഉണ്ടായത്. ഇതോടെ പ്രമുഖ എക്കോ ടുറിസം കേന്ദ്രമായ അടവിക്ക് അനിശ്ചിത കാലത്തേക്ക് പൂട്ട് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് അലർട്ട് കാരണം ഏതാനും ദിവസം മുമ്പ് അടച്ചപ്പോള്‍ തന്നെ ഇവിടത്തെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍ ആയിരുന്നു. നേരത്തെ എഐടി യുസിയില്‍ പെട്ട തൊഴിലാളികള്‍ മാത്രമാണ് കുട്ടവഞ്ചി തുഴച്ചില്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അടുത്തിടെ സിഐടിയുവും യൂണിറ്റ് ഉണ്ടാക്കി. ഇവർ ഇവിടെ കൊടിമരം സ്ഥാപിച്ചു. ഇത് വനമേഖലയാണെന്നും കൊടിമരം നീക്കണമെന്നും വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. എന്നാല്‍ യൂണിയൻകാർ ഇതിനു തയ്യാറായില്ല.

തുടർന്നുണ്ടായ നീക്കങ്ങളാണ് അടച്ചു പൂട്ടലിലേക്ക് എത്തിയത്. സിഐടിയു യൂണിയൻകാർ നടത്തിയ സമരത്തില്‍ പ്രസംഗിച്ച സിപിഎം ലോക്കൽ സെക്രട്ടറി പ്രവീണ്‍ പ്രസാദ് ജീവനക്കാരുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കി. തങ്ങള്‍ക്ക് ജോലി സുരക്ഷിതത്വം ഇല്ലെന്നും പോലീസ് കേസെടുക്കുന്നില്ലെന്നും പറഞ്ഞ് ജീവനക്കാർ വനം വകുപ്പ് അധികൃതർക്ക് പരാതി നല്‍കി.

അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ആകർഷകമായ ഗാർഡൻ, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂള്‍, വാട്ടർ കിയോസ്‌ക്, ജംഗിള്‍ ലോഡ്ജില്‍ ഡോർമെറ്ററിയും മുറികളും, വിശാലമായ പാർക്കിങ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവയൊക്കെയും നിർമ്മിക്കാൻ പദ്ധതി ഉണ്ടായിരുന്നു.

ഇനി തുറന്നാല്‍ തന്നെ വീണ്ടും പഴയ രീതിയിലേക്ക് വരാൻ ഏറെ സമയം വേണ്ടിവരും. കുട്ടവഞ്ചികള്‍ക്ക് പ്രായം ഏറിയതോടെ കഴിഞ്ഞ ദിവസമാണ് 25 എണ്ണം പുതിയതായി വന്നത്. ഇതില്‍ ടാറും മറ്റും പുരട്ടി വെള്ളത്തില്‍ ഇറക്കാൻ പണികള്‍ നടക്കുകയാണ്.ഇതിനി എപ്പോള്‍ എന്നും കണ്ടറിയണം. അതേ സമയം, സിഐടിയു യൂണിയനില്‍പ്പെട്ടവർ സമരത്തില്‍ നിന്നും പതുക്കെ പിന്മാറുകയാണ്. കുട്ടവഞ്ചി സവാരി നടക്കുന്നത് ഇവർ എതിർക്കുന്നില്ല.