“ഇതിനു ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കില്ല കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ് ” അഡാർ ലൗവിലെ കലാഭവൻ മണിയുടെ ഗാനം നെഞ്ചിലേറ്റി സോഷ്യൽ മീഡിയ..
സ്വന്തംലേഖകൻ
കോട്ടയം : ‘ഒരു അഡാര്‍ ലൗ’ ഡിസ്‌ലൈക്കുകൾ കൊണ്ട് ശ്രദ്ധ നേടിയ ചരിത്രമായിരുന്നു. ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനതോടെയാരുന്നു യുട്യൂബിലെ ഡിസ്‌ലൈക്കുകളുടെ തുടക്കം. എന്നാല്‍ പുതിയതായി യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിരിക്കുന്ന ഗാനത്തിന് ഡിസ്‌ലൈക്സ് അടിക്കാൻ മലയാളികളുടെ മനസ്സ് അനുവദിക്കില്ലെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാഷ്അപ്പ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചത്. കലാഭവന്‍ മണിയോടുള്ള ആരാധന മലയാളിയുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്നു എന്നതാണു ഗാനത്തിത്തിനു വരുന്ന ഓരോ പ്രീതികരണങ്ങൾ സൂചിപ്പിക്കുന്നത്. ‘മരിക്കില്ല മണിനാദം, ഇതിനു ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കില്ല , കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ്’ എന്നിങ്ങനെയാണു പലരുടെയും ഗാനത്തോടുള്ള പ്രതികരണങ്ങൾ .ഇതുവരെയുള്ള ഡിസ്‌ലൈക്കുകൾ മാറ്റാന്‍ ഈ ഒരു ഗാനം മതിയെന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്.റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷത്തോളം ആളുകളാണ് ഗാനം യൂട്യുബില്‍ കണ്ടത്. ചിത്രം ഏറെ വിമര്‍ശനം നേരിടുമ്പോഴും ഗാനങ്ങള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനം യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള രണ്ടാമത്തെ മലയാളം ഗാനമാണ്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍, നൂറിന്‍ ഷരീഫ്, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.