അടൽ ബിഹാരി വാജ്‌പേയിക്ക് അക്ഷര നഗരിയുടെ പ്രണാമം; അനുസ്മരണ സമ്മേളനം സെപ്റ്റംബർ 5ന്
സ്വന്തം ലേഖകൻ
കോട്ടയം: അടൽജി എന്ന അതുല്യ പ്രതിഭ വിടവാങ്ങി. ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞൻ, പ്രഭാഷകൻ, കവി, പത്രപ്രവർത്തകൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മാസ്മരിക വ്യക്തിത്വം. ഭാരതത്തിന്റെ രണ്ടാം ലോക സഭയിൽ അംഗമായി തുടങ്ങി 2009 വരെയുള്ള പാർലമെന്ററി ജീവിതം മുഴുവൻ ആദർശം അചഞ്ചലമായി നിഴലിച്ചു.
അടൽജിയുടെ ഓർമ്മകളിൽ കോട്ടയത്തിന്റെ സ്ഥാനം പ്രഥമഗണനീയമാണ്. നമ്മുടെ കുമരകത്തെ ലോക ടൂറിസം മാപ്പിലേക്ക് കൈപിടിച്ചുയർത്തിയത് പ്രധാനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ സന്ദർശനമായിരുന്നു. അന്നദ്ദേഹം കുമരകത്തു നടത്തിയ പ്രസംഗം കേരളത്തിന്റെ സമഗ്രവികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളായിരുന്നു.
ഈ വരുന്ന സെപ്റ്റംബർ 5 ബുധനാഴ്ച വൈകിട്ട് 4.00 മണിക്ക് അടൽജിയെ അനുസ്മരിക്കാൻ ശാസ്ത്രി റോഡിലുള്ള ദർശന ഓഡിറ്റോറിയത്തിൽ കോട്ടയം ഒത്തുകൂടുകയാണ്. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കൾ ഈ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തും.