
കോട്ടയം നഗരസഭാ തട്ടിപ്പ്: 211 കോടി രൂപ നഷ്ടപ്പെട്ടിട്ടും ആഡിറ്റ് ഒബ്ജക്ഷൻ മാത്രമാണ് നടന്നതെന്ന് പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഴിമതിക്കാരെ സംരക്ഷിക്കുന്നു ; ആരോപണവുമായി അഡ്വ. കെ. അനിൽകുമാർ
കോട്ടയം : നഗരസഭക്ക് 211 കോടി രൂപ നഷ്ടപ്പെട്ട തട്ടിപ്പു സംബന്ധിച്ച് റിപ്പോർട്ട് ആഡിറ്റ് ഒബ്ജക്ഷൻ മാത്രമാണെന്ന എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വാദം അഴിമതിക്കാർക്കുള്ള സംരക്ഷണമാണെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ.
എല്ലാ വർഷവും നഗരസഭകളിൽ നടക്കാറുള്ള ലോക്കൽ ഫണ്ട് ഓഡിറ്റിൽ തന്നെ നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അത് സമയബന്ധിതമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മാത്രമല്ല, തട്ടിപ്പ് നടത്താനായി മനപൂർവ്വം ചെക്ക് രജിസ്റ്ററും ഡ്രാഫ്ട് രജിസ്റ്ററും നശിപ്പിച്ചതായാണ് ഇപ്പോൾ പ്രത്യക പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. നഗരസഭയിൽ നടന്നത് പ്രത്യേക ഓഡിറ്റല്ല, ക്രമക്കേടുകളെപ്പറ്റിയുള്ള ഉന്നതതല പരിശോധനയാണ് എന്ന വസ്തുത പോലും യു ഡി എഫ് നേതാക്കൾ മറച്ചു വെക്കുകയാണ്. പരിശോധനാ സംഘം ആവശ്യപ്പെട്ട രേഖകൾ നൽകാതെയും, ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാതെയും പരിശോധന അട്ടിമറിക്കാനാണ് ശ്രമിച്ചത്.
ജീവനക്കാരുടെ പെൻഷൻ ഫണ്ട് അക്കൗണ്ട് ട്രഷറിയിൽ തന്നെ വേണമെന്ന നിർദ്ദേശം മറികടന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ കൗൺസിൽ തിരുമാനമില്ലാതെ അക്കൗണ്ട് തുടങ്ങി. അതിനാലാണ് ഒരു വ്യക്തിക്ക് ലഭിക്കേണ്ട പെൻഷൻ തുകയുടെ മറവിൽ കോടികൾ തട്ടിയെടുക്കാൻ കഴിഞ്ഞത്. ട്രഷറി അക്കൗണ്ട് ഒഴിവാക്കിയതാണ് തട്ടിപ്പിന് സഹായകരമായതെന്ന് അഖിൽ വർഗീസിൻ്റെ തട്ടിപ്പിലൂടെ വെളിപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭക്ക് 25 ബാങ്ക് അക്കൗണ്ടുകൾ എന്തിനാണെന്നും ആഡിറ്റ് വിഭാഗം വർഷങ്ങളായി ചോദിച്ചു കൊണ്ടിരുന്നു. അതു വകവയ്ക്കാതെ ഓരോ ബാങ്കിൻ്റെയും താല്പര്യങ്ങൾക്കായി അക്കൗണ്ടുകൾ തുടങ്ങിയതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
നെഗറ്റീവ് അക്കൗണ്ടുകളിൽ പരിശോധന നടത്തി ക്രമീകരിക്കാൻ പല ഓഡിറ്റുകളിലും നൽകിയ ശുപാർശകൾ കാറ്റിൽപ്പറത്തി തട്ടിപ്പിനു കളമൊരുക്കുകയായിരുന്നുവെന്നു വ്യക്തം.
ക്ലറിക്കൽ തകരാറാണെന്ന് നഗര സഭാ ഭരണക്കാരും ഓഡിറ്റ് ഒബ്ജക്ഷനാണെന്ന് എം എൽ എ യും വാദിക്കുമ്പോൾ ആറു മാസം മുമ്പു കണ്ടു പിടിച്ച അഖിൽ വർഗീസിൻ്റെ തട്ടിപ്പ് മറക്കാൻ ഉണ്ടാക്കിയ റിപ്പോർട്ടാണെന്നാണ് യു ഡി എഫ് ജില്ലാ ചെയർമാൻ പറയുന്നത്. എന്നാൽ പതിമൂന്നു മാസം മുമ്പ് ആരംഭിച്ച ദീർഘമായ പരിശോധനയാണ് 211 കോടിയുടെ തട്ടിപ്പിൻ്റെ കണക്ക് തയ്യാറാക്കിയതെന്നാണ് രേഖകൾ തെളിയിക്കുന്നത്.
യുഡിഎഫ് നേതാവായ വൈസ് ചെയർമാൻ്റെ പേരിൽ വിജിലൻസ് അന്വേഷണത്തിന് എല്ലാ കൗൺസിലർമാരും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് അംഗീകരിച്ച് കൗൺസിൽ പ്രമേയം പാസ്സാക്കിക്കഴിഞ്ഞു. അക്കാര്യത്തിൽ എന്തു മറുപടിയാണ് യു ഡി എഫിന് പറയാനുള്ളത്. തൊടുന്യായങ്ങൾ പറഞ്ഞ് അഴിമതിക്കാർക്ക് രക്ഷപെടാനാവില്ല എന്നും അനിൽകുമാർ പറഞ്ഞു.