ഭാരവാഹനങ്ങൾ ഇനി ഇടത് വശം ചേർന്ന് മാത്രം ഓടുക: കോയമ്പത്തൂർ അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമം കർശനമായി നടപ്പാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്; കണ്ടെയ്‌നർ ലോറികളുടെ വേഗം നിയന്ത്രിക്കും
എ.കെ ശ്രീകുമാർ
കോട്ടയം: കോയമ്പത്തൂർ അവിനാശിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി റോഡിന്റെ മധ്യഭാഗത്തെ മീഡിയൻ മറികടന്നെത്തി കെ.എസ്.ആർ.ടി.സി വോൾവോ ബസ് ഇടിച്ചു തകർത്തതിനു പിന്നാലെ റോഡിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
ഹെവി വാഹനങ്ങളും, വേഗ നിയന്ത്രണമുള്ള വാഹനങ്ങളും ഹൈവേകളിലും ആറുവരിപ്പാതയിലും അടക്കം റോഡിന്റെ ഇടത് വശം ചേർന്നു മാത്രമേ സഞ്ചരിക്കാവൂ എന്ന 2017 ലെ മോട്ടോർ വാഹന ആക്ടിലെ റെഗുലേഷൻ കർഷശനമായി നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഈ റെഗുലേഷന്റെ അടിസ്ഥാനത്തിൽ ഒരു തടസത്തെയോ, വേഗത കുറഞ്ഞ വാഹനത്തെയോ മറികടക്കുമ്പോൾ മാത്രമേ ഈ വാഹനങ്ങൾ റോഡിന്റെ വലതു വശത്തു കൂടി കടക്കാവൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കോയമ്പത്തൂർ അവിനാശിയിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്‌നർ ലോറി, റോഡിലെ ഡിവൈഡർ മറികടന്നെത്തി കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് 19 മലയാളി യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് 2017 ലെ മോട്ടോർ വാഹന വകുപ്പ് റെഗുലേഷൻസ് കർശനമാക്കിയത്.
നാലുവരിപ്പാതയിലും, ആറുവരിപ്പാതയിലും അടക്കം ഇപ്പോൾ ഭാരവാഹനങ്ങൾ റോഡിന്റെ വലത് ഭാഗം ചേർന്നാണ് ഓടിക്കുന്നത്. ഇത്തരത്തിൽ ഓടിക്കുമ്പോഴാണ് അപകടസാധ്യത വർധിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഇത്തരത്തിൽ വലതുവശം ചേർന്ന് വാഹനം ഓടുമ്പോൾ ഇത് ഡിവൈഡർ തകർത്ത് എതിർവശത്തെ റോഡിലേയ്ക്കു കയറാനും വാഹനം തകരാനുമുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഇത് കൂടാതെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡിന്റെ ഇടത്തേയ്ക്കു വാഹനം തിരിഞ്ഞാൽ, പിന്നാലെ വരുന്ന വാഹനങ്ങൾക്ക് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് മോട്ടോർ വാഹന വകുപ്പിന്റെ 2017 ലെ ആക്ടിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഇടത് വശം ചേർന്നു പോകുന്ന വാഹനം, മറ്റൊരു വാഹനത്തെയോ തടസത്തെയോ മറികടക്കുമ്പോൾ മാത്രമേ റോഡിന്റെ വലത് വശം ഉപയോഗിക്കാൻ സാധിക്കൂ. ഇത്തരത്തിൽ വലത് വശം ചേർന്ന് പോയി സുരക്ഷിതമായ സ്ഥലത്ത് വച്ചു തന്നെ റോഡിന്റെ ഇടത് ട്രാക്കിലേയ്ക്കു മാറണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ചട്ടം നിഷ്‌കർഷിക്കുന്നു.