അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു ; നഗ്നത പകർത്താൻ നിർബന്ധിച്ചു ; മൊഴികൾ കേട്ട് ഞെട്ടിപ്പോയെന്ന് ഹേമ കമ്മിറ്റി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാള സിനിമയിലെ നടിമാർ നേരിടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത്. അതിക്രമം നടത്തിയ ആളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് നടി മൊഴി നൽകി. മോശം അനുഭവം കാരണം മാനസികമായി തകർന്നു. അതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ വരെ പോകേണ്ടി വന്നെന്നും ഇതിന് സംവിധായകൻ കഠിനമായി വിമർശിച്ചെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

അതേസമയം, നഗ്നത പകർത്താൻ നിർബന്ധിക്കുന്നു എന്നായിരുന്നു മറ്റൊരു നടി മൊഴി നൽകിയത്. പുതുമുഖ താരങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നു. പലരും പരസ്യമായി ലൈംഗിക ആവശ്യങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. ലൈംഗികതയ്ക്ക് വഴങ്ങി കൊടുത്തില്ലെങ്കിൽ സിനിമയിൽ അവസരം നിഷേധിക്കപ്പെടുമെന്നതാണ് അവസ്ഥയെന്നും പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങൾ മലയാള സിനിമയിൽ നടന്നിട്ടുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. അഭിനയത്തോടുള്ള അഭിനിവേശം കാരണം പല നടിമാരും അതിക്രമങ്ങൾ നിശബ്ദമായി സഹിച്ചു. സ്ത്രീകൾ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് സ്ത്രീകൾ സിനിമയിലേയ്ക്ക് വരുന്നതെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാനായി ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധം നിലവിലുണ്ട്. പ്രശ്‌നക്കാരിയെന്ന് തോന്നിയാൽ ഇവരെ പിന്നീട് സിനിമയിലേയ്ക്ക് വിളിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വഴിവിട്ട പ്രവർത്തനങ്ങൾക്ക് സഹകരിക്കാത്തവർക്ക് അവസരം നിഷേധിക്കുമെന്ന് നടിമാർ മൊഴി നൽകിയിട്ടുണ്ട്. സഹകരിക്കുന്നവരെ പ്രത്യേക കോഡ് ഉപയോഗിച്ചാണ് പരാമർശിക്കുക. ‘കോഓപ്പറേറ്റിംഗ് ആർട്ടിസ്റ്റ്’ എന്നാണ് സഹകരിക്കുന്നവരെ വിളിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോട്ടൽ മുറികളിൽ ഒറ്റയ്ക്ക് കഴിയാൻ ഭയമാണെന്നും ചില നടിമാർ മൊഴി നൽകിയിട്ടുണ്ട്. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ വാതിലിൽ മുട്ടാറുണ്ട്. തുറന്നില്ലെങ്കിൽ വാതിലിൽ ശക്തമായി ഇടിക്കും. വാതിൽ പൊളിച്ച് ഇവർ അകത്തേയ്ക്ക് കയറി വരുമോ എന്ന് പോലും ഭയപ്പെട്ടിരുന്നുവെന്നും നടിമാർ മൊഴി നൽകി.

ഇത്തരം സംഭവങ്ങളെ ഭയന്ന് പല നടിമാരും മാതാപിതാക്കൾക്കൊപ്പമാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിലേയ്ക്ക് എത്തുന്നത്. സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ഭയം കാരണം പലരും ഇത്തരം അവസ്ഥകൾ നിശബ്ദമായി സഹിക്കുന്ന സാഹചര്യമാണുള്ളത്. കേസിന് പോയാൽ സൈബർ ആക്രമണം നേരിടേണ്ട സ്ഥിതിയാണുള്ളത്. കോടതിയെയോ പോലീസിനെയോ സമീപിച്ചാൽ ജീവന് ഭീഷണിയുണ്ടാകുമെന്ന് നടിമാർ ഭയക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.