
ഹേമ കമ്മിറ്റി റിപ്പോർട്ട് : പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ട്, പരിശോധിച്ചശേഷമേ പുറത്തുവിടാവൂ ; റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വന്തം ലേഖകൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമാണ് നടിയുടെ ആവശ്യം. പ്രത്യേകാനുമതിയിലൂടെയാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പ്രാഥമികവാദം കേട്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഹേമ അധ്യക്ഷയായ കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് ഹർജിക്ക് ആധാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി വ്യക്തമാക്കിയിരുന്നു. താൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവർ പറഞ്ഞു.
ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് ഇത് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നു. എന്നാൽ റിപ്പോർട്ടിൻ്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും അവർ പറഞ്ഞു.
റിപ്പോർട്ടിൻ്റെ പകർപ്പ് തങ്ങൾക്ക് തരുമെന്നാണ് കരുതിയത്. താൻ ഡബ്ല്യുസിസിയുടെ ഭാഗമാണ്. താൻ ഒറ്റയ്ക്കല്ല ഡബ്ല്യുസിസിയാണ് ഇക്കാര്യം ചോദിക്കേണ്ടത്. എന്നാൽ അതുണ്ടായില്ല. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും ഇത് പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. റിപ്പോർട്ട് തങ്ങൾക്ക് ആദ്യം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടില്ല. റിപ്പോർട്ട് ലഭിക്കുകയെന്ന കാര്യം തൻ്റെ മൗലികവകാശമാണ്. താനും അഭിഭാഷകയാണ്. താൻ ഇതിൽ നേരിട്ട് കക്ഷിയാണ്. തനിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.