പ്രാരാബ്ദങ്ങൾ ഇല്ല പറയത്തക്ക പ്രശ്നങ്ങളുമില്ല ; ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാല്‍ പാവകളുമായി കളിക്കുന്ന പെണ്‍കുട്ടി ; 22-ാം വയസ്സില്‍ മയൂരി ജീവനൊടുക്കിയത് എന്തിന്?

Spread the love

കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മയൂരി. നടിയെ കുറിച്ച് ഓർക്കുമ്പോൾ  മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രം വിനയന്റെ ആകാശ ഗംഗയിലെ ഗംഗയാവും.

മലയാളികളുടെ പ്രിയപ്പെട്ട യക്ഷി പ്രണയബന്ധത്തിന്റെ പേരില്‍ രാജകുടുംബത്തിനാല്‍ കൊല ചെയ്യപ്പെട്ട ദാസി പെണ്ണ്. പിന്നീട് പ്രതികാരദാഹിയായി ആ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും ഇല്ലാതാക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ആ യക്ഷിയെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികള്‍. ആകാശഗംഗ മാത്രമല്ല, താൻ അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ വേഷം എത്ര വലുതായാലും ചെറുതായാലും പ്രേക്ഷകരെ ആകർഷിക്കാൻ മയൂരിയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടാവാം 22-ാം വയസ്സില്‍ ആത്മഹത്യ ചെയ്ത മയൂരി മരണത്തിനിപ്പുറം 20 വർഷങ്ങള്‍ പിന്നിടുമ്ബോഴും ഇപ്പോഴും ഓർമിക്കപ്പെടുന്നത്.

1983ല്‍ കൊല്‍ക്കത്തയില്‍ തമിഴ് ദമ്ബതികളുടെ മകളായിട്ടാണ് മയൂരിയുടെ ജനനം. ശാലിനി എന്നായിരുന്നു യഥാർത്ഥപേര്. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കേയാർ സംവിധാനം ചെയ്ത കുംഭകോണം ഗോപാലു എന്ന ചിത്രത്തില്‍ പാണ്ഡ്യരാജനൊപ്പം നായികയായി അഭിനയിച്ചു. കൗമാരക്കാരിയായിരുന്നിട്ടും, ഒരു നഴ്‌സായി പക്വമായ പ്രകടനമാണ് മയൂരി കാഴ്ച വച്ചത്. അതേ വർഷം തന്നെ, സിബി മലയിലിന്റെ ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് കോമഡി ചിത്രമായ സമ്മർ ഇൻ ബെത്‌ലഹേമില്‍ (1998) അഞ്ച് കേന്ദ്ര സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. സിനിമയില്‍ നിരവധി പ്രധാന കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും, മയൂരിയുടെ കഥാപാത്രം ശ്രദ്ധ നേടി. കൂടുതല്‍ മലയാള ചിത്രങ്ങള്‍ മയൂരിയെ തേടിയെത്താൻ ആ ചിത്രം കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അടുത്ത രണ്ട് വർഷങ്ങളില്‍ മയൂരി മലയാളത്തില്‍ മാത്രം അഭിനയിച്ചു, നിരവധി പ്രധാന ചിത്രങ്ങളില്‍ അഭിനയിച്ചു. ആകാശ ഗംഗ, ഭാര്യ വീട്ടില്‍ പരമസുഖം (1999), ചന്ദാമാമ (1999), പ്രേം പൂജാരി (1999) എന്നീ ചിത്രങ്ങളിലും മയൂരി അഭിനയിച്ചു. എല്ലാ ചിത്രങ്ങളിലും മയൂരി പ്രേക്ഷകരുടെ ശ്രദ്ധ കവർന്നു.

 

ലോഹിതദാസിന്റെ ‘അരയന്നങ്ങളുടെ വീട്’ (2000) എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന കഥാപാത്രത്തിന്റെ കാമുകി രാഗിണി ആയാണ് മയൂരി എത്തിയത്. മുൻ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഏറെ വൈകാരികതയുള്ളതും വ്യത്യസ്തവുമായൊരു വേഷമായിരുന്നു രാഗിണി. ആ വേഷവും മയൂരി മികച്ചതാക്കി. പിന്നീട് സമ്മർ പാലസ് (2000), ചേതാരം (2001) എന്നീ ചിത്രങ്ങളിലും മയൂരി വേഷമിട്ടു.

 

തുടർന്ന് 2001-ല്‍ കന്നഡ ചിത്രമായ നീലയില്‍ (Neela) ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു. തുടർന്ന് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിസില്‍ (2003) എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. സെല്‍വരാഘവന്റെ 7G റെയിൻബോ കോളനി (2004) എന്ന സിനിമയില്‍ “നാം വയതുക്കു വന്തോം” എന്ന ഗാനത്തിലും ശ്രദ്ധ കവർന്നു. തുടർന്ന് മന്മഥൻ (2004), ആയ് (2004) എന്നീ സിനിമകളില്‍ അഭിനയിച്ചു.

 

അതേ വർഷം തന്നെ, കന്നഡ ചിത്രമായ സർവഭൗമ (2004) എന്ന സിനിമയില്‍ സൂപ്പർസ്റ്റാർ ശിവരാജ്കുമാറിനൊപ്പം ഒരു പ്രധാന വേഷം ചെയ്തു. ശിവരാജ് കുമാർ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളില്‍ ഒരാളുടെ ഭാര്യയായി അഭിനയിച്ചുകൊണ്ട് രണ്ടു ഗെറ്റപ്പുകളിലും മയൂരി തിളങ്ങി. 2005-ല്‍, കെ.വി. ആനന്ദിന്റെ തമിഴ് ചിത്രമായ കാന കണ്ടേനില്‍ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു, പൃഥ്വിരാജ് സുകുമാരനോടൊപ്പം സ്‌ക്രീൻ പങ്കിട്ടു. അതായിരുന്നു മയൂരിയുടെ അവസാനചിത്രം. ചിത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, 2005 ജൂണ്‍ 16ന് അണ്ണാനഗറിലെ വസതിയില്‍ മയൂരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22-ാം വയസ്സില്‍ മയൂരി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

 

മയൂരിയുടെ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, അവർ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ‘എന്റെ മരണത്തില്‍ ആർക്കും പങ്കില്ല. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ഞാൻ പോകുന്നത്,’ എന്നാണ് വിദേശത്തുള്ള തന്റെ സഹോദരന് മയൂരി എഴുതിയ കത്തിലെ വാചകം.

 

കൗമാരപ്രായത്തില്‍ സിനിമാ ലോകത്തേക്ക് കടന്നുവന്ന വളരെ സെൻസിറ്റീവായൊരു പെണ്‍കുട്ടി, സിനിമാ മേഖലയിലെ ഇരുണ്ട യാഥാർത്ഥ്യങ്ങള്‍ മനസ്സിലാക്കിയതോടെ അതവരുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലെത്തുന്ന മയൂരി മുറിയില്‍ ഇരുന്നു പാവകളുമായി കളിക്കുന്നത് കണ്ടതായി പല സഹപ്രവർത്തകരും പില്‍ക്കാലത്ത് ഓർമ്മിച്ചു. മനസ്സുകൊണ്ട് മയൂരി ഒരു കുട്ടിയായിരുന്നുവെന്നാണ് കൂടെ പ്രവർത്തിച്ച പലരും അടിവരയിടുന്നത്. ഒരു റോളിലേക്ക് ഓഫർ ലഭിക്കുകയും പിന്നീട് ആ അവസരം നഷ്ടമാവുകയും ചെയ്ത അനുഭവം പലതവണ മയൂരിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതും മയൂരിയെ വിഷാദത്തിലേക്ക് നയിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ യഥാർത്ഥ മരണകാരണം ഇന്നും ഒരു രഹസ്യമായി തുടരുന്നു.

സമ്മർ ഇൻ ബെത്‌ലഹേമില്‍ മയൂരിക്കൊപ്പം അഭിനയിച്ച നടി സംഗീത കൃഷ് ഒരിക്കല്‍ ഒരുഅഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: “മയൂരി എന്നെക്കാള്‍ മൂന്ന് വയസ്സിനു താഴെയായിരുന്നു, പലപ്പോഴും അവളൊരു വിഡ്ഢിയെ പോലെ പെരുമാറുമായിരുന്നു. എന്നോട് ചോദിച്ചതിന് ശേഷം മാത്രമേ അവള്‍ മുടി കെട്ടിയിടുമായിരുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞാല്‍, അവള്‍ മുറിയില്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ഉണ്ടാകും. പിന്നീട് അവള്‍ ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള വഴക്കം ഒരാള്‍ക്കുണ്ടായിരിക്കണം.”

 

ഏഴ് വർഷം മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും, പ്രേക്ഷകർക്ക്, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്, മയൂരി മറക്കാനാവാത്ത സാന്നിധ്യമായി തുടരുന്നു. “പുതു മഴയായി വന്നു നീ”, “കണ്‍ഫ്യൂഷൻ തീർക്കണമേ”, “ദേവരാഗമേ മേലേ”, അല്ലെങ്കില്‍ “മനസ്സിൻ മണിച്ചിമിഴില്‍” തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കുമ്ബോഴെല്ലാം, അവരുടെ അതിമനോഹരമായ മുഖം നമ്മുടെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തും. അവരുടെ അസാധാരണമായ കഴിവിന് നന്ദി, ആ മുഖം ഒരിക്കലും മായില്ല.