സഹപ്രവർത്തകയല്ല, സ്നേഹിതയായിരുന്നു, അമ്മയായിരുന്നു,’ വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അതുല്യ പ്രതിഭ; കെപിഎസി ലളിതയെ അനുസ്മരിച്ച് സിനിമാ-രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമയുടെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്പീക്കര്‍ എം.ബി രാജേഷ്, കെ. കെ. ഷൈലജ ടീച്ചര്‍, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അനുശോചനം അറിയിച്ചു.
തനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു നടന്‍ മമ്മൂട്ടിയുടെ പ്രതികരണം. കെപിഎസി ലളിതയുടെ ഭവനത്തില്‍ നേരിട്ടെത്തി മോഹന്‍ലാല്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒരുപാട് സിനിമകളിലൊന്നും ഒപ്പം അഭിനയിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും എന്നും അടുപ്പമുള്ളയാളായിരുന്നു ലളിത ചേച്ചിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ അനുസ്മരിച്ചു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട പറയുന്നതായും മഞ്ജു കുറിച്ചു.
“എന്റെ ലളിതാന്റി … എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. നിങ്ങളെ ഭീകരമായി മിസ് ചെയ്യും ആന്റി .. അത്രക്കും സ്നേഹിക്കും .. ഒരുത്തീയിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മൾ ഒരു നക്ഷത്രമാണ് ,ചിത്തിര ” ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..” നവ്യ കുറിച്ചു.
ലളിത ചേച്ചി – മികവാർന്ന പ്രകടനങ്ങൾക്ക് നന്ദി ചേച്ചി… അവയിലൂടെ നിങ്ങൾ തലമുറകളോളം ജീവിക്കും. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” അഭിനേത്രിയും സംവിധായികയുമായ രേവതി കുറിച്ചു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ് കെപിഎസി ലളിതയ്ക്കെന്ന് മഞ്ജു വാര്യര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് പൃഥ്വിരാജ് സുകുമാരന്‍ അനുസ്മരിച്ചു.
രോഗബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിതയുടെ അന്ത്യം തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കെപിഎസി ലളിത. ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.