ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ടാണ് മോഹൻലാലും സുരേഷ് ഗോപിയും പ്രകോപിതരാകുന്നത്? ആരോപണങ്ങൾ തെറ്റെങ്കിൽ അതിനെതിരെ പോരാടണമെന്ന് നടി കസ്തൂരി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിട്ടും നടന്മാരായ സുരേഷ് ഗോപി, മോഹൻലാല്‍ തുടങ്ങിയ നടന്മാർ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രകോപിതരാവുകയാണെന്നും നടി കസ്‌തൂരി. ഇത് കൂടുതല്‍ സംശയത്തിനിടയാക്കുന്നു.
മോഹൻലാല്‍ അനേകം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പക്കല്‍ എന്തുകൊണ്ട് ഉത്തരങ്ങളില്ലെന്നും നടി ചോദിച്ചു. ‘നിരവധി താരങ്ങളോടൊപ്പം അഭിനയിച്ച വ്യക്തിയാണ് മോഹൻലാല്‍. എന്റെ സിനിമയില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല? എല്ലാ സ്‌ത്രീകള്‍ക്ക് വേണ്ടിയും നിലകൊള്ളേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. ചൂഷണം ചെയ്തവരെ എനിക്കറിയാമെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല?
അമ്മ പിരിച്ചുവിട്ട് എല്ലാവരും പോയി. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അതിനെതിരെ പോരാടണം. എന്തുകൊണ്ട് അവർ അത് ചെയ്യുന്നില്ല? സുരേഷ് ഗോപിയോടും ഇതുതന്നെയാണ് ചോദിക്കാനുള്ളത്. അദ്ദേഹം കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല. ഷൂട്ടിംഗ് കഴിഞ്ഞ് വന്നാല്‍ ചോദിക്കൂ, വീട്ടില്‍ നിന്ന് വരുമ്പോൾ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്ന് പറയാനാവില്ല. നിങ്ങളെ ജയിപ്പിച്ച വോട്ടർമാരോട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തമുണ്ട്. ഇത് വലിയ സീരിയസായ പ്രശ്‌നമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷന്മാർ ഇത്തരം ചോദ്യങ്ങളെ അവഗണിച്ചാല്‍ അവർ തെറ്റുകാരാണെന്നേ തോന്നുകയുള്ളൂ. അവർ തെറ്റുകാരല്ലെങ്കില്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകതന്നെ ചെയ്യണം. ചോദ്യങ്ങള്‍ ഒഴിവാക്കരുതെന്ന് മോഹൻലാലിനോടുള്ള എന്റെ അപേക്ഷയാണ്.
ഹേമ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രശ്‌നങ്ങള്‍ മുൻപ് മാഗസിനുകളിലും മറ്റും ഗോസിപ്പുകളുടെ രൂപത്തില്‍ വന്നിട്ടുള്ളവയാണ്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗികമായ രേഖയാണ്. അതില്‍ നടപടിയെടുക്കാൻ സാധിക്കും. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഞാൻ പൂർണമായും തൃപ്‌തയല്ല. അതില്‍ ശക്തമായ തെളിവുകളോ പേരുകളോ പരാമർശിച്ചിട്ടില്ല.
മലയാളത്തില്‍ വലിയ നടന്മാരുടെ കൂടെ ചില നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവസാനമായി ചെയ്ത സിനിമ എനിക്ക് ദുഃസ്വപ്‌നം പോലെയാണ്. പ്രൊഡക്ഷൻ മാനേജർ മോശമായി പെരുമാറി. കൃത്യമായ പേയ്‌മെന്റും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഞാൻ മടങ്ങിപ്പോയി. മോശം അനുഭവങ്ങള്‍ ഉണ്ടാകുമ്പോൾ അപ്പോള്‍ തന്നെ ചെരിപ്പൂരി അടിക്കണമെന്നൊക്കെ ചിലർ പറയും, എന്നാല്‍ അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല.
മുകേഷിനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്നറിയില്ല. എന്നിരുന്നാലും അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിലത് സർക്കാരിന് നാണക്കേടാണ്. അന്വേഷണം അവസാനിക്കുന്നതുവരെ അദ്ദേഹം മാറിനില്‍ക്കണം.
ചിലർക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ എല്ലാവരും മോശക്കാരാണെന്ന് പറയാൻ സാധിക്കില്ല. ഏത് സിനിമയിലാണ് മോശം അനുഭവമുണ്ടായതെന്ന് എനിക്ക് പറയാൻ കഴിയും. പൊലീസ് നടപടി സ്വീകരിക്കുകയാണെങ്കില്‍ തീർച്ചയായും വെളിപ്പെടുത്തും. ആളുകള്‍ ഈ മേഖലയില്‍ അവരുടെ മനോഭാവം മാറ്റേണ്ടതുണ്ട് എന്നാണ് പറയാനുള്ളതെന്ന് കസ്‌തൂരി വ്യക്തമാക്കി.