ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റ്, പരാതിക്കാരി സാധാരണക്കാരിയല്ല, മറ്റൊരു മുഖമുണ്ട് ; നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യം ; നടിയുടെ പരാതി അടിസ്ഥാനമില്ലാത്തത് ; സിദ്ധിഖ് കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: ലൈംഗികാരോപണ കേസിൽ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് സിദ്ധിഖിൻ്റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍ സിദ്ധിഖ് വാദിച്ചു.
ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ധിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ധിഖിൻ്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം. സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.