“അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്” വിജയ് ബാബുവിനെതിരെ വീണ എസ് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

Spread the love


സ്വന്തം ലേഖിക

തിരുവനന്തപുരം :തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ അഡ്വ. വീണ എസ് നായർ. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടതെന്ന് വീണ പറയുന്നു.

പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും വീണ എസ് നായർ ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ എസ് നായരുടെ വാക്കുകൾ

ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു. ആ നടൻ “ഇര താനാണ്” എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.

എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും.