തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും ഒന്നിക്കുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്

Spread the love

ചെന്നൈ : തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക. ഈ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞത്. ധൻഷികയുടെ യോ​ഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

വിശാലിന്റെ പിറന്നാൾ ദിവസമായ ഓഗസ്റ്റ് 29 നാണ് ഇരുവരും വിവാഹനിശ്ചയ ദിവസമായി തിരഞ്ഞെടുത്തിരിക്കുന്നത്. “എന്റെ ജന്മദിനത്തിൽ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.” വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിശാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സിനിമാ സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.

അതേസമയം വിശാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘മകുട’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വിശാൽ വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ നിൽക്കുന്ന പോസ്റ്ററാണ് വിനായക ചതുർത്ഥി ആശംസകൾ നേർന്നു കൊണ്ട് അണിയറക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ്. വിശാലിൻ്റെ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും മകുടം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. രവി അരസാണ് രചനയും സംവിധാനവും. മകുടത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ധൃതഗതിയിൽ പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group