
ഉറ്റവരും ഉടയവരുമില്ല; ഇവിടെ മാധവൻ തനിച്ചാണ്; ഓർമ നശിച്ച് അഭയകേന്ദ്രത്തിൽ കഴിയുന്നത് താരസംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറി
സ്വന്തം ലേഖകൻ
പത്തനംതിട്ട: കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ടി പി മാധവൻ. മലയാള സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടൻ ടിപി മാധവന്റെ ദയനീയാവസ്ഥ പുറത്ത്. വളരെയധികം അവശതയിലാണ് നടൻ ഇപ്പോൾ. താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടി പി മാധവൻ പത്തനാപുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഗാന്ധിഭവൻ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്.
‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്. ‘‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’’ എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും നടൻ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്‌ക്കിടെ വരുന്നത്. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ ഇങ്ങനെ ചുരുക്കം പേര്‍ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ കാണാൻ വന്നിട്ടുണ്ടെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ അമല്‍ രാജ് പറയുന്നു.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് എട്ട് വര്‍ഷങ്ങൾക്ക് മുൻപ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ പറഞ്ഞു.
‘‘എട്ടുവർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽനിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. നടൻ സുരേഷ് ഗോപി അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങൾ ചെയ്തിരുന്നു.
നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത്. ഒരുപാട് സഹപ്രവർത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഈ ഓണക്കാലത്തെങ്കിലും അദ്ദേഹത്തെ തേടി ഒരു ഫോൺ കോൾ എങ്കിലും എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു’’ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.