
110 കോടി പ്രതിഫലത്തിന് പുറമെ; ജയിലറിന്‍റെ വന്‍ വിജയത്തില്‍ രജനികാന്തിന് ചെക്ക് സമ്മാനിച്ച് സണ്‍ പിക്ചേഴ്സ് ഉടമ
സ്വന്തം ലേഖകൻ
തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള നിരവധി താരങ്ങളുണ്ട്.എന്നാല്‍ രജനികാന്ത് എന്ന താരത്തിന് തമിഴര്‍ കൊടുക്കുന്ന മൂല്യം സമാനതകളില്ലാത്തതാണ്.ഒരുകാലത്ത് രജനി അഭിനയിച്ച ചിത്രമെന്നു പറഞ്ഞാല്‍ ബോക്സ് ഓഫീസില്‍ ഉറപ്പ് ബെറ്റ് ആയിരുന്നു.മാറിയ കാലത്തും ആ ആരാധനയില്‍ മാറ്റമില്ലെങ്കിലും കാലാനുസൃതമായി പുതുക്കപ്പെട്ട ഉള്ളടക്കവും അവതരണവുമില്ലെങ്കില്‍ രജനി ചിത്രങ്ങള്‍ ആയാലും വേണ്ടവിധം ഓടാതെപോവും.അതേസമയം അവ ഇന്നത്തെ പ്രേക്ഷകരോട് അനായാസം സംവദിക്കുന്ന ഒന്നാണെങ്കിലോ,കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ ഭേദിക്കുകയും ചെയ്യും.
അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ജയിലര്‍.സ്വാതന്ത്ര്യദിന വാരാന്ത്യത്തിന് മുന്നോടിയായി ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ മുതല്‍ തന്നെ വലിയ അഭിപ്രായമാണ് ലഭിച്ചത്.റിലീസ് ചെയ്യപ്പെട്ട ഒരു മാര്‍ക്കറ്റിലും പിന്നീടിങ്ങോട്ട് പിന്‍തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്.നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്.ഇപ്പോഴിതാ ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിന് ഒരു തുക കൈമാറിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്‍ പിക്ചേഴ്സ് ഉടമയായ കലാനിധി മാരനാണ് തമിഴ് സൂപ്പര്‍താരത്തിന് ചെക്ക് കൈമാറിയത്.ഇതിന്‍റെ ചിത്രങ്ങള്‍ സണ്‍ പിക്ചേഴ്സ് തന്നെ എക്സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍ തുക എത്രയെന്ന് അറിയിച്ചിട്ടില്ല.അതേസമയം രജനികാന്തിന് വന്‍ പ്രതിഫലമാണ് ചിത്രത്തിലൂടെ നേരത്തെ ലഭിച്ചത്.ഇത് 110 കോടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്.വിനായകന്‍ പ്രതിനായകനായി എത്തിയ ചിത്രത്തില്‍ അതിഥിവേഷങ്ങളില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരും ഉണ്ട്.