ബാഹുബലിയുടെ വീട് ജപ്തി ചെയ്തു
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ബാഹുബലിയായി പ്രേക്ഷക മനം കീഴടക്കിയ നടൻ പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്ത് സീൽ വെച്ചു. പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് കാണിച്ചാണ് നടപടി. പ്രദേശത്തെ ഏക്കർ കണക്കിന് വരുന്ന വസ്തുവിലെ അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. ഈ പ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചിരുന്നവെങ്കിലും ഈ ഭൂമി സർക്കാരിന്റെ അധീനതയിൽ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു. ഇതോടെ തുടർ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. ഈ പ്രദേശത്തോട് ചേർന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് എന്നാണ് റവന്യു വകുപ്പ് അറിയിച്ചത്. ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ആൾക്കാരെ കാണാത്തതിനാൽ നോട്ടിസ് പതിപ്പിച്ച് സംഘം മടങ്ങി.