കരൾ രോഗത്തെ തുടർന്ന് പ്രമുഖ ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു; മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ തുടങ്ങി നിരവധി ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്
സ്വന്തം ലേഖകൻ
കൊച്ചി : പ്രമുഖ ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ കരള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കലാകാരന്റെ ചികിത്സയ്ക്ക് ധനസഹായ അഭ്യർത്ഥനയുമായി നേരത്തെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
ഹരീഷിന് ഡോക്ടർമാർ കരള്‍മാറ്റ ശസ്ത്രക്രിയ നിർദേശിച്ചതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറുമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി വലിയ തുകയാണ് വേണ്ടത് എന്നും അതിന് സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ചായിരുന്നു ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2011മുതല്‍ മലയാള ചലച്ചിത്രരംഗത്ത് സജീവമായ താരമാണ് ഹരീഷ് പേങ്ങന്‍. നോട്ട് ഔട്ടാണ് ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഹരീഷ് പേങ്ങന്റേതായി റിലീസായ അവസാന ചിത്രം.