
എസ് പിയായി ജീവിച്ചു; ഹോട്ടൽ ജീവനക്കാരെ ഭയപ്പെടുത്തി; ഒടുവിൽ സിനിമാ നടൻ കുടുങ്ങി
സ്വന്തം ലേഖകൻ
ഓച്ചിറ: എൻഐഎ എസ് പിയായി നക്ഷത്രഹോട്ടലിൽ മുറിയെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തിയ സിനിമ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര മണിയാർ ചൂളയ്ക്കൽവീട്ടിൽ ബിജു സി.ഏബ്രഹമിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. ആഡംബര കാറിൽ ഓച്ചിറയിലെ ഹോട്ടലിലെത്തിയ ബിജു താൻ എൻഐഎ എസ്പിയാണന്നും മുറിവേണമെന്നും ആവശ്യപ്പെട്ടു. പൊലീസ് വേഷത്തിലുള്ള ഫോട്ടോയും ഹോട്ടൽ ജീവനക്കാരെ കാണിച്ചു. മുറിയിലേക്ക് ബീയർ എത്തിക്കണമെന്ന് പറഞ്ഞതോടെ സംശയം തോന്നിയ ജീവനക്കാർ കരുനാഗപ്പള്ളി എസിപിയെ വിവരം അറിയിച്ചു. കരുനാഗപ്പള്ളി എസിപി ഹോട്ടലിലെത്തി ബിജുവിന്റെ ചിത്രം എൻഐഎ ഹെഡ് ഓഫിസിലേക്ക് അയച്ചു പരിശോധിച്ച ശേഷമാണു കസ്റ്റഡിയിൽ എടുത്തത്. ബിജു ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ആഡംബര കാർ ആലപ്പുഴയിൽ നിന്നു വാടകയ്ക്കു എടുത്തതാണെന്നും ചോദ്യം ചെയ്യലിൽ പൊലീസ് കണ്ടെത്തി.