
ഉത്സവാഘോഷങ്ങള്‍ക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ‘പണി’ കിട്ടുക ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക്; ഉത്തരവ് വിവാദത്തിൽ ; പൊലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം
സ്വന്തം ലേഖകൻ
കോഴിക്കോട്: ഉത്സവാഘോഷങ്ങള്‍ക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയുടെ ഉത്തരവ് വിവാദത്തില്‍. ഉത്തരവ് പൊലീസ് സേനയ്ക്ക് ഉള്ളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സേനയുടെ ആത്മ വീര്യം തകര്‍ക്കുന്ന സര്‍ക്കുലര്‍ പുനപരിശോധിക്കണമെന്ന് റൂറല്‍ എസ്പിയോട് ആവശ്യപ്പെടാനാണ് പൊലീസ് അസോസിയേഷന്‍റെ തീരുമാനം. ഉത്സവാഘോഷങ്ങളില്‍ കര്‍ശന സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുളള ഉത്തരവാണ് വിവാദത്തിലായത്.
മാര്‍ച്ച് മുതല്‍ മേയ് വരെയുളള മാസങ്ങളാണ് പ്രധാനമായും ഉത്സവകാലം. ഇക്കാലയളവില്‍ ആഘോഷ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുളള കേസുകള്‍ കൂടി വരുന്നു എന്നാണ് റൂറല്‍ എസ്പിയുടെ വിലയിരുത്തല്‍. ഉത്സവ സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ അടിപിടി പോലുളള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഡ്യുട്ടിയില്‍ ഉള്ള പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഇതാണ് മാര്‍ച്ച് 24ന് ഇറങ്ങിയ ഉത്തരവിന്‍റെ കാതല്‍. ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ മുന്‍കാല ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തി കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ പദ്ധതി ഉണ്ടാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യപ്പെടാം. ഓരോ പ്രദേശത്തും ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ഉത്സവങ്ങള്‍ ഉണ്ടെങ്കില്‍ സുരക്ഷയ്ക്ക് പ്രശ്നബാധിത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആളുകള്‍ കൂടുതലായി എത്തുന്നയിടങ്ങളില്‍ എസ് ഐ സന്ദര്‍ശിച്ച് മടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കേസുകളുണ്ടായാല്‍ ഡിവൈഎസ്പി, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണം.
റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെ വീഴ്ചയും ഡ്യൂട്ടില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്നതാണ് ഉത്തരവെന്നാണ് സേനയ്ക്ക് അകത്തുള്ളവരുടെ പരാതി. ആരെങ്കിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ബലിയാടകേണ്ടി വരുന്നത് എന്തു തരം നീതിയാണെന്നും ചോദ്യവും ഉയരുന്നു. വിവാദമായിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ റുറല്‍ എസ്പി തയ്യാറായിട്ടില്ല.