ഭൂപരിധി നിയമലംഘനം;   പി വി അന്‍വര്‍ കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു

ഭൂപരിധി നിയമലംഘനം; പി വി അന്‍വര്‍ കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു

സ്വന്തം ലേഖിക

കോഴിക്കോട്: ഭൂപരിധി നിയമം ലംഘിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നടപടികള്‍ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് പി വി അന്‍വര്‍ എംഎല്‍എയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച്‌ ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാൻ നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി വിവരാവകാശ കൂട്ടായ്മ കണ്‍വീനര്‍ കെ വി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആറു മാസത്തിനകം താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 24ന് കോടതി ഉത്തരവിട്ടു. എട്ടുമാസമായിട്ടും ഈ ഉത്തരവും നടപ്പാക്കാത്തതിനെ തുടര്‍ന്ന് കെ വി ഷാജി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി നാലിനുള്ളില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രളയം, കോവിഡ് തെരഞ്ഞെടുപ്പുകള്‍ എന്നിവ കാരണമുണ്ടായ താമസമാണ് കോടതിയലക്ഷ്യമുണ്ടാകാന്‍ കാരണമെന്നാണ് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് പറയുന്നത്. അതേസമയം രേഖകളുമായി കഴിഞ്ഞ ദിവസം ഹാജരാകാന്‍ ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിട്ടിട്ടും പി വി അന്‍വര്‍ എംഎല്‍എയോ പ്രതിനിധികളോ ഹാജരായില്ല.