മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഇടനിലക്കാരന്‍’ ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഇടനിലക്കാരന്‍’ ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കം.

സര്‍വ്വീസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

മോൻസൻ മാവുങ്കല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതല്‍ ഹര്‍ജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹര്‍ജിക്ക് മാനങ്ങളുണ്ട്.

ലക്ഷ്മണനെതിരെ കൂടുതല്‍ നടപടികള്‍ക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. കേസിൻ്റെ ഭാഗമായി നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും.

ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സര്‍വ്വീസിലിരിക്കെ ക്രിമിനല്‍ കേസില്‍ അറസ്റ്റുണ്ടായാല്‍ സസ്പെൻഡ് ചെയ്യാൻ സാധ്യതയേറെയാണ്. ഒപ്പം ലക്ഷ്മണൻ ഉള്‍പ്പെട്ട മറ്റ് ആരോപണങ്ങളില്‍ ഉടൻ വിശദമായ അന്വേഷണം നടത്തി കേസെടുക്കാനും നീക്കങ്ങളുണ്ട്.