
കോട്ടയം : കാസെറ്റ് കടയില്‍നിന്ന് അശ്ലീല വിഡിയോ കാസെറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം കൂരോപ്പട സ്വദേശി 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തന്‍. ഹൈക്കോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്.
തെളിവിനായി ഹാജരാക്കിയ കസെറ്റുകള്‍ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാല്‍ ഇന്ത്യന്‍ തെളിവു നിയമം അനുസരിച്ച് കേസ് നിലനില്‍ക്കില്ല എന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിന്യായത്തില്‍ വ്യക്തമാക്കി.
1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള കസെറ്റ് കടയില്‍നിന്ന് പൊലീസ് 10 കസെറ്റുകള്‍ പിടിച്ചെടുത്തു എന്നും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്നുമാണ് കേസ്. ഐപിസി 292 വകുപ്പ് അനുസരിച്ച് അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതി ഹര്‍ജിക്കാരനെ രണ്ടു വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു. ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷാവിധി ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറച്ചു. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഏഴാം സാക്ഷി ഉള്‍പ്പെടെ 7 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ ഒന്നും രണ്ടും സാക്ഷികള്‍ക്കൊപ്പം ഏഴാം സാക്ഷി കസെറ്റുകള്‍ കടയില്‍ വച്ചുതന്നെ കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി എന്ന് പ്രോസിക്യൂഷന് വാദിച്ചു. അന്വേഷണത്തിനിടയില്‍ തഹസില്‍ദാര്‍ വിഡിയോ കസെറ്റുകള്‍ കാണുകയും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
പിന്നീട് അന്നത്തെ പാമ്ബാടി എസ്ഐയും കസെറ്റ് കണ്ട് ഇവയില്‍ അശ്ലീലദൃശ്യങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തി. തഹസില്‍ദാര്‍ക്കൊപ്പമാണ് എസ്ഐ കസെറ്റ് കണ്ടത്. താന്‍ കടയുടെ ഉടമസ്ഥനല്ലെന്നും മറ്റൊരാളെയാണു കടയില്‍നിന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതെന്ന് ഹര്ജിക്കാരന് വാദിച്ചെങ്കിലും വിചാരണ കോടതി ഇത് അനുവദിച്ചിരുന്നില്ല. ഇക്കാര്യം ഹൈക്കോടതിയിലെ വാദത്തിനിടയില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല.
എന്നാല്‍ പിടിച്ചെടുത്ത വിഡിയോ കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് കേസ് കേട്ട മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തന്റെ മുമ്ബാകെ ഹാജരാക്കിയ തെളിവു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നു എന്നു കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ ആ കസെറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ട് എന്ന പേരില്‍ ഹര്‍ജിക്കാരനെ ശിക്ഷിച്ചതും കേസും റദ്ദാക്കുന്നു എന്നും കോടതി ഉത്തരവിട്ടു