
പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. സംഭവത്തിൽ ജൈനിമേട് നൂര്‍ജഹാന്‍സില്‍ ഷിഹാബുദ്ദീ(46)നെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഷിഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36)യ്ക്കും പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ആസിഡാക്രമണമുണ്ടായത്. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പാലക്കാട് വടക്കന്തറയില്‍ വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. റാബിനിഷയും മകളും ഒരു മുറിയിലും ഷിഹാബുദ്ദീനും ഇളയ കുട്ടിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ ബഹളം കേട്ട് എത്തുമ്പോഴേയ്ക്കും പൊള്ളലേറ്റ് പിടയുകയായിരുന്നു റാബിനിഷ. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഗുരുതരമായ പൊള്ളലാണ് റാബിനിഷയ്ക്ക് ഏറ്റത്. ഇതിനോടകം തന്നെ ഭര്‍ത്താവ് ഷിഹാബുദ്ദീന്‍ സ്ഥലം വിട്ടു. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയ ടൗണ്‍ നോര്‍ത്ത് പൊലീസ് ഷിഹാബുദ്ദീനു എതിരെ വധശ്രമത്തിന് കേസെടുത്തു.