അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; മുഖ്യപ്രതിയായ യുവാവും ആക്രമണത്തിന് പ്രേരിപ്പിച്ച കാമുകിയും അറസ്റ്റിൽ

Spread the love

സംബാൽ: യുവതിയുടെ വാക്കുകേട്ട് അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവാവും ഇയാളെ പ്രേരിപ്പിച്ച യുവതിയും അറസ്റ്റിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് മുഖ്യപ്രതി പിടിയിലായത്. നിഷു തിവാരി (30), കൂട്ടുപ്രതിയെ ജഹാൻവി എന്ന അർച്ചന എന്നിവരാണ് പോലീസ് പിടിയിലായത്.

സെപ്റ്റംബർ 23-നാണ് നഖാസ പോലീസ് സ്റ്റേഷൻ പരിധിയിൽ 22 വയസ്സുള്ള അധ്യാപിക സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹ്പ ഗ്രാമത്തിന് സമീപം ആസിഡ് ആക്രമണത്തിന് ഇരയായത്. സ്‌കൂട്ടറിൽ എത്തിയ നിഷു തിവാരി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ അധ്യാപികക്ക് 20 മുതൽ 30 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക അപകടനില തരണം ചെയ്തതായി എസ്.പി. കൃഷ്ണകുമാർ അറിയിച്ചു.

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ച രാത്രി കല്യാൺപൂർ ഗ്രാമത്തിന് സമീപം വെച്ച് നഖാസ പോലീസ് നിഷുവിനെ തടഞ്ഞപ്പോൾ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവെച്ചതോടെ നിഷുവിന്റെ രണ്ട് കാലുകളിലും വെടിയേറ്റു. തുടർന്ന് നിഷുവിനെ അറസ്റ്റ് ചെയ്യുകയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും രണ്ട് കാട്രിഡ്ജുകളും ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികാരത്തിനായി കെണിയൊരുക്കിയ ഇരട്ടവേഷം

പ്രതിയായ നിഷുവിൻ്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതി, മുൻകൈ എടുത്ത് അതിവേഗം നിഷുവുമായി പ്രണയത്തിലായി. “ഡോ. അർച്ചന” എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ യുവതി തൻ്റെ സഹോദരി ജഹാൻവിക്ക് ഒരു സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും എന്നാൽ അയാൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും നിഷുവിനോട് പറഞ്ഞു. സൈനികൻ്റെ യഥാർത്ഥ പ്രതിശ്രുതവധുവായ അധ്യാപികയോട് പ്രതികാരം ചെയ്യാൻ അർച്ചന നിഷുവിനെ പ്രേരിപ്പിക്കുകയായിരുന്നു. മുൻപ് കെമിസ്റ്റായി ജോലി ചെയ്തിരുന്ന നിഷു ആസിഡ് വാങ്ങുകയും ആക്രമണം നടത്തുകയും ചെയ്തു.

ഞെട്ടിക്കുന്ന വഴിത്തിരിവ്

എന്നാൽ കൂടുതൽ അന്വേഷണത്തിൽ, ജഹാൻവിയും ‘ഡോ. അർച്ചന’യും ഒരേ വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തി. നിഷുവിനെ കബളിപ്പിക്കാനായി യുവതി ഒന്നിലധികം ഓൺലൈൻ ഐഡികൾ സൃഷ്ടിക്കുകയായിരുന്നു. മൂന്ന് കുട്ടികളുള്ള യുവതി വിവാഹിതയാണെന്നും പോലീസ് പറഞ്ഞു. തൻ്റെ കബളിപ്പിക്കൽ എളുപ്പമാക്കാൻ വേണ്ടി യുവതി മുഖത്തെ മറുകുപോലും നീക്കം ചെയ്തിരുന്നു. നേരത്തെ ഭർത്താവിന് ഉറക്കഗുളിക നൽകിയ ശേഷം ഇവർ നിഷുവിനൊപ്പം ഒളിച്ചോടിയിരുന്നതായും പോലീസ് പറഞ്ഞു. നിലവിൽ നിഷുവിനെയും ജഹാൻവിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.