‘കണ്ണേ, കരളേ.. വി എസ്സേ..’; ജാതിപേര് വിളിച്ചവരെ അരഞ്ഞാണമൂരി അടിച്ച്‌ നാലാം വയസ്സില്‍ തുടങ്ങിയ സമര ജീവിതം; ലോക്കപ്പിലെ ക്രൂരമര്‍ദനത്തിൽ മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കേരളത്തിൻ്റെ സമരനേതാവിന് വിട നൽകുമ്പോൾ…!

Spread the love

തിരുവനന്തപുരം: എന്നെന്നും പ്രതിപക്ഷ നേതാവ്! മുഖ്യമന്ത്രിയായിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവായുന്നു, അദ്ദേഹം.

വിഎസ്. എന്നത് കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിന് എന്നും വിമതശബ്ദമായിരുന്നു. ഓര്‍മ്മയില്ലേ, ‘കണ്ണേ, കരളേ.. വി എസ്സേ……” എന്ന് മുദ്രാവാക്യമുയര്‍ത്തി വിഎസ്സിനുവേണ്ടി ജനം തെരുവില്‍ ഇറങ്ങിയ കാലം. കേരളത്തിലെ ജനങ്ങള്‍ സംഘടിച്ച്‌ പ്രതിഷേധിച്ച്‌ ഒരു നേതാവിനെ മാത്രമേ മത്സരിപ്പിച്ചിട്ടുള്ളൂ. അതാണ് വിഎസ്. ഒരു നുറ്റാണ്ട് പിന്നിട്ട് ധന്യമായ ജീവിതത്തില്‍, കഴിഞ്ഞ അഞ്ചാറുവര്‍ഷംഒഴികെ വിഎസ് വിശ്രമം അറിഞ്ഞിട്ടില്ല. 2019 ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ ‘യുവാവായിരുന്നു’ ഈ വയോധികന്‍.

കേരള രാഷ്ട്രീയത്തിലെയും എന്തിന് സിപിഎമ്മിനുള്ളിലെ പ്രതിപക്ഷമായും വി.എസിന്റെ ഘനമുള്ള ശബ്ദം താളബോധത്തോടെ ഉയര്‍ന്നു. നീട്ടിയും കുറുക്കിയും കേള്‍വിക്കാരെ രസിപ്പിക്കും വിധത്തിലുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളോട് അദ്ദേഹം പോരടിച്ചു. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിലെ അവശേഷിക്കുന്ന ഏക നേതാവായ വി എസും ഇപ്പോള്‍ ഓര്‍മ്മയാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി ജയിലില്‍ അടക്കപ്പെടുമ്ബോള്‍ വിഎസ് എന്ന ക്ഷുഭിത യൗവ്വനത്തിന് 23 വയസ്സാണ് പ്രായം. 17 വയസ്സില്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനം കുട്ടനാടും ആലപ്പുഴയും മലമ്ബുഴയും കടന്ന് കേരളമൊട്ടാകെ നീളുമ്ബോള്‍ വിഎസ് പടര്‍ന്നു കയറിയത് സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലാണ്. ശരിക്കും ഒരു പ്രതിഭാസം എന്ന് വിശേഷിപ്പക്കപ്പെടാവുന്ന നേതാവാണ് കടന്നുപോവുന്നത്.

മരണം വേട്ടയാടിയ ബാല്യം

ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-നാണ് വിഎസ് ജനിച്ചത്. കൊടിയ ദാരിദ്ര്യത്തിലാണ് വിഎസ് തന്റെ ബാല്യ-കൗമാരങ്ങള്‍ പിന്നിട്ടത്. വെറും നാലുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയെ കണ്ട ഓര്‍മ്മപോലം അദ്ദേഹത്തിനില്ല. ചേട്ടന്‍ ഗംഗാധരന് അന്ന് പ്രായം 14. അച്യുതാനന്ദന് താഴെ പൊടിക്കുഞ്ഞുങ്ങളായ രണ്ടു പേര്‍, പുരുഷോത്തമനും ആഴിക്കുട്ടിയും. വസൂരി വന്നാല്‍ മരണമല്ലാതെ മറ്റൊരു അവസാനവുമില്ലാതിരുന്ന കാലം. രോഗബാധിതയെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് ഏക വഴി. അക്കമ്മയെ മാറ്റിതാമസിപ്പിച്ചിരുന്ന ഓലപ്പുരയുടെ അടുത്തേക്ക് ഭര്‍ത്താവ് ശങ്കരന്‍ എല്ലാ ദിവസവും പോകും. മക്കളുടെ വിശേഷങ്ങള്‍ പറയും. താന്‍ മരിക്കാന്‍ പോകുകയാണെന്ന് തീര്‍ച്ചയായ ദിവസം അക്കമ്മ പറഞ്ഞു, ”എനിക്ക് അവസാനമായി മക്കളെ കാണണം. അടുത്തേക്ക് കൊണ്ടു വരണ്ട. ദൂരെ മാറ്റി നിര്‍ത്തിയാല്‍ മതി.”

ഓലപ്പുരയ്ക്ക് അമ്ബതു വാര അകലെ ശങ്കരന്‍ നാല് മക്കളുമായി വന്നു. ഓലപ്പുരയുടെ വിടവിലൂടെ അക്കമ്മ മക്കളെ കണ്ടു. ഗംഗാധരന്റെ കയ്യിലിരുന്ന് കളിക്കുന്ന ആഴിക്കുട്ടി. ഒപ്പം അച്യുതാനന്ദനും പുരുഷോത്തമനും. അമ്മയുടെ മുഖം മറഞ്ഞു പോകുന്നത് ഗംഗാധരന്‍ വ്യക്തമായി കണ്ടു. പിറ്റേന്ന് അക്കമ്മ മരിക്കുകയും ചെയ്തു. ഏട്ടന്റെ പറഞ്ഞുകൊടുത്ത ഓര്‍മ്മമാത്രമായിരുന്നു വിഎസിന് അമ്മ.

ഒരേ അമ്മയുടെ വയറ്റില്‍ പിറന്നതാണെങ്കിലും ഒരച്ഛന്റെ മക്കളായിരുന്നില്ല ഇരുവരും. ചെറുപ്രായത്തില്‍ വിധവയായ അക്കമ്മ വിഎസിന്റെ അച്ഛന്‍ ശങ്കരനെ വിവാഹം കഴിക്കുമ്ബോള്‍ ഗംഗാധരന് 9 വയസ്സായിരുന്നു. അമ്മയുടെ മരണശേഷം 11ാം വയസ്സില്‍ വിഎസിന് അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിലുടനീളം അച്ഛനും അമ്മയുമായി നിറഞ്ഞത് ഏട്ടന്‍ ഗംഗാധരനാണ്. ജീവിതത്തില്‍ ആരോടെങ്കിലും കടപ്പാടുണ്ടെങ്കില്‍ അത് ജ്യേഷ്ഠനോടാണ് എന്ന് വിഎസ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഏട്ടന്‍ ഗംഗാധരന്‍ കുടുംബത്തെ തന്റെ തോളിലേക്ക് ചാരിവച്ച്‌ അനുജനെ തൊഴിലാളികളുടെ ലോകത്തിന് വിട്ടു കൊടുക്കയായിരന്നു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസില്‍ വച്ച്‌ പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.

ജാതിവിളിക്കെതിരെ അരഞ്ഞാണമടി!

വി എസ്. അച്യുതാനന്ദന്റെ മുഴുവന്‍ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണെന്ന വി.എസിന്റെ ജ്യേഷ്ഠന്‍ വി എസ്. ഗംഗാധരന്റെ മകന്‍ പീതാംബരന്‍ വെളിപ്പെടുത്തിയിരുന്നു. വി.എസിനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേര്‍ക്കുകയായിരുന്നു. ആദ്യമായി 1967-ല്‍ എംഎല്‍എ ആയതിന് ശേഷമാണ് വി എസ്, വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരില്‍ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി എസ്. അച്യുതാനന്ദന്‍ വാങ്ങുകയായിരുന്നു.

ശരിക്കും നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങുന്നതാണ് വിഎസിന്റെ സമരകാലം. ജാതിവെറിയോട് ഉറക്കെ ശബ്ദിച്ചായിരുന്നു ആ തുടക്കം. നാലാം ക്ലാസ് എത്തിയപ്പോള്‍ ആദ്യം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് കളര്‍കോട് എല്‍പി സ്‌കൂളിലേക്ക് വിഎസിനെ മാറ്റിച്ചേര്‍ത്തു. പക്ഷേ, ഇരുണ്ട നിറമുള്ള വിഎസിനെ, ജാതിപ്പേരു കൂട്ടി വിളിച്ചാണ് അവിടുത്തെ കുട്ടികള്‍ എതിരേറ്റത്. പല തവണ ഇത് തുടര്‍ന്നു. കുട്ടികള്‍ പേരു വിളിക്കാന്‍ തയാറായതേയില്ല. അച്ഛന്‍ ശങ്കരനോട് വിഷമം പറഞ്ഞപ്പോള്‍, ”അരയില്‍ അരഞ്ഞാണമല്ലേ കിടക്കുന്നത്..?” എന്നായിരുന്നു ചോദ്യം.അടുത്ത തവണ വിളി ഉയര്‍ന്നപ്പോള്‍ അച്യുതന്‍ അരയിലെ അരഞ്ഞാണമൂരി. അടി കിട്ടിയവരാരും പിന്നെ അച്യുതനെ കളിയാക്കാന്‍ ധൈര്യപ്പെട്ടില്ല.

പിതാവ് മരിച്ച്‌ പഠനം നിര്‍ത്തിയതോടെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായി മാറി അച്യുതാനന്ദന്‍. ജോലി സമയം കഴിഞ്ഞാല്‍ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരോട് അവകാശ നിഷേധങ്ങളെപ്പറ്റിയും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെപ്പറ്റിയും പറയാനും സമയം കണ്ടെത്തി.

നീട്ടിയും കുറുക്കിയുമുളള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. കയര്‍ഫാക്ടറി ട്രേഡ് യൂണിയന്‍ രംഗത്തെ മികച്ച നേതാവായി പേരെടുത്ത അച്യുതാനന്ദനെ 1943 ലെ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനു ശേഷം സഖാവ് പി.കൃഷ്ണപിള്ള ആളെ വിട്ട് വിളിപ്പിക്കയായിരുന്നു. സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ട്ടിവളര്‍ത്താന്‍ വി.എസിനെ പറഞ്ഞുവിട്ടത് പി. കൃഷ്ണപിള്ളയായിരുന്നു. ആ കണ്ടെത്തല്‍ അല്‍പം പോലും പാളിയില്ല. വി.എസ്. വളര്‍ന്നു, തലപ്പൊക്കമുള്ള നേതാവായി, ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ഒറ്റയാനായി.

ആലപ്പുഴയില്‍ എത്തി. ഒരു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൂലി കൊടുക്കാതിരിക്കുകയും കള്ള അളവുപാത്രം ഉപയോഗിച്ച്‌ തൊഴിലാളികളെ പറ്റിക്കുകയും ചെയ്തിരുന്ന ജന്മിമാര്‍ക്ക് എതിരെയുള്ള സമരങ്ങള്‍ വിജയം കണ്ടു. അര്‍ഹമായ കൂലി വാങ്ങി, നെല്ലും ചുമന്ന് പാടവരമ്പത്തൂടെ നടന്നു പോകുന്ന തൊഴിലാളികള്‍ കുട്ടനാടിന്റെ കാഴ്ചയായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ധാന്യങ്ങള്‍ പൂഴ്ത്തിവെച്ച ജന്‍മിമാര്‍ക്കെതിരെ വിഎസിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടലുണ്ടായി.

പൊലീസ് മര്‍ദനത്തില്‍ ‘മരണം’

വിഎസിനെ പുന്നപ്ര-വയലാര്‍ സമര നായകന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹം ആ ആക്ഷനില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷേ പ്രചാരണത്തിലും മറ്റും സജീവമായിരുന്നു. അതിനാല്‍ പൊലീസ് വിഎസിനെയും തേടിയെത്തി. അദ്ദേഹം ഒളിവില്‍പ്പോയി. ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. ”രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. അഴികള്‍ക്ക് വിലങ്ങനെ രണ്ടു കാലിലും ലാത്തി വെച്ചു കെട്ടി. എന്നിട്ട് ലോക്കപ്പ് പൂട്ടി. കാലുകളും പാദങ്ങളും ലോക്കപ്പ് അഴികള്‍ക്കു പുറത്തും ബാക്കി ശരീര ഭാഗങ്ങള്‍ ലോക്കപ്പിനകത്തും. അകത്തു നില്‍ക്കുന്ന പൊലീസുകാര്‍ തോക്കിന്റെ പാത്തി കൊണ്ട് എന്നെ ഇടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കും പോലെ. പുറത്തുള്ള പൊലീസുകാര്‍ രണ്ടു കാല്‍പാദങ്ങള്‍ക്കകത്തും ചൂരല്‍ കൊണ്ട് മാറി മാറി തല്ലി.” എന്നാണ് ആത്മകഥയില്‍ വിഎസ് എഴുതിയിരിക്കുന്നത്.

വിഎസില്‍ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതോടെ മര്‍ദ്ദനത്തിന്റെ രീതി മാറി. ബയണറ്റ് പിടിപ്പിച്ച തോക്ക് ഉള്ളംകാലിലേക്ക് കുത്തിയിറക്കി. കാല്‍പാദം തുളഞ്ഞ് ബയണറ്റ് അപ്പുറത്തെത്തി. മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാന്‍ പൊലീസുകാര്‍ തീരുമാനിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോള്‍ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളന്‍ കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാന്‍ ആവില്ലെന്ന് കോലപ്പന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താന്‍ ഒന്‍പത് മാസം വേണ്ടി വന്നു. രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഒരു വര്‍ഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പുലരി അഴികള്‍ക്കിടയിലൂടെയാണ് വിഎസ് കണ്ടത്. വെറും 23 വയസ്സുമാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം.