
മുപ്പതോളം മോഷണ കേസുകളിൽ പ്രതി ; ജാമ്യത്തിലിറങ്ങി വർഷങ്ങളായി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നു ; ഒടുവിൽ പ്രതിയെ കുടുക്കി പോലീസ്
സ്വന്തം ലേഖകൻ
പാലക്കാട് : പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ 2015ൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങി വർഷങ്ങളായി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതി ഒടുവിൽ പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നൗഷാദാണ് (45) പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽനിന്നു പ്രത്യേക പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം ഇത്തരത്തിൽ കോടതിയിൽ ഹാജരാകാതെ വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് ജില്ലയിൽ പ്രത്യേകം ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കുപ്രസിദ്ധ മോഷ്ടാവ് നൗഷാദിനെ പട്ടാമ്പി പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ മുങ്ങിനടക്കുന്ന പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അനേഷണം. അറസ്റ്റിലായ നൗഷാദിനെതിരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി മുപ്പതോളം മോഷണ കേസുകൾ നിലവിൽ ഉണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.