
വീണ്ടും അക്കൗണ്ട് തുറക്കാനാവാതെ ബിജെപി: കേരളത്തിൽ വൻ അഴിച്ച പണി വരുന്നു; പിള്ള തെറിക്കും: കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റാവും; വി.മുരളീധരനോ കുമ്മനമോ കേന്ദ്രമന്ത്രിയാവും
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാവാതെ വന്നതോടെ കേരള നേതൃത്വത്തിൽ വൻ അഴിച്ചു പണി വരുന്നു. ശബരിമല എന്ന സുവർണ്ണാവസരം ലഭിച്ചിട്ടും മുതലാക്കാനാവാതെ പോയ ബിജെപിയ്ക്ക് ഇക്കുറി വൻ തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ നേട്ടം പോലും ഇക്കുറി ബിജെപിയ്ക്ക് ഉണ്ടാക്കിയെടുക്കാൻ സംസ്ഥാനത്ത് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചു പണി നടത്താൻ ബിജെപി നിശ്ചയിച്ചിരിക്കുന്നത്.
സുവർണ്ണാവസരം മുതലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള തന്നെയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഏറെ പ്രതീക്ഷയോടെ ബിജെപി ശബരിമല സമരനായകനായി പത്തനംതിട്ടയിൽ അവതരിപ്പിച്ച കെ.സുരേന്ദ്രന് രണ്ടാം സ്ഥാനത്ത് പോലും എത്താൻ സാധിച്ചില്ല. തിരുവനന്തപുരത്ത് വിജയ പ്രതീക്ഷയുമായി എത്തിയ കുമ്മനം രാജശേഖരനാകട്ടെ കഴിഞ്ഞ തവണ ഒ.രാജഗോപാലിന്റെ നേട്ടം പോലും സ്വന്തമാക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചു പണി നടത്താൻ ബിജെപി കേന്ദ്ര നേതൃത്വവും അമിത് ഷായും തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിൽ കെ.സുരേന്ദ്രൻ തന്നെ സംസ്ഥാന പ്രസിഡന്റ് ആകുമെന്നാണ് സൂചന ലഭിക്കുന്നത്. പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് അമിത് ഷാ ഈ തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇത് തന്നെയാണ് ഇപ്പോൾ കേരളത്തെ രക്ഷിക്കാനുള്ള മാർഗമെന്നാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്. കേരളം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വി.മുരളീധരനെയോ, കുമ്മനം രാജശേഖരനെയോ കേന്ദ്രമന്ത്രിയാക്കുന്നതിനും അമിത്ഷാ ആലോചിക്കുന്നുണ്ട്. നിലവിൽ രാജ്യസഭാ എംപിയായ വി.മുരളീധരന് തന്നെയാണ് സാധ്യത ഏറെയുള്ളത്. മഞ്ചേശ്വരത്തും, വട്ടിയൂർക്കാവിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. രണ്ട് സീറ്റ് കൂടി നിയമസഭയിൽ ലഭിച്ചാൽ കേരളത്തിൽ ശക്തമായ സാന്നധ്യമാകാമെന്നാണ് ബിജെപി കരുതുന്നത്. ഇതിനുള്ള കണക്കുകൂട്ടലുകൾ ബിജെപി ആരംഭിച്ചിട്ടുമുണ്ട്.