
ഭർത്താവിനൊപ്പം ജോലി ചെയ്യാൻ പുതിയ സ്ഥാപനത്തിലേയ്ക്ക് മാറാനിരിക്കെ സൗദിയിൽ വാഹനാപകടം: കുറവിലങ്ങാട് സ്വദേശിയായ നഴ്സ് മരിച്ചു: അപകടത്തിൽ മരിച്ചത് രണ്ട് മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ
കോട്ടയം : ഭർത്താവിനൊപ്പം പുതിയ ആശുപത്രിയിൽ ഇന്നു മുതൽ ജോലി ചെയ്ത് തുടങ്ങാനിരിക്കെ സൗദിയിലുണ്ടായ വാഹനാപകടത്തിൽ കുറവിലങ്ങാട് സ്വദേശിയുൾപ്പെടെ രണ്ടു മലയാളി നേഴ്സുമാർ മരിച്ചു. അഞ്ചു പേർ യാത്ര ചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
നാല് സ്ത്രീകളും വാഹനമോടിച്ചിരുന്ന ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്. പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യന്റെ ഭാര്യയും കുറവിലങ്ങാട് വയല എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളുമായ ഷിൻസിഫിലിപ്പ് (28) ആണ് മരിച്ചവരിൽ ഒരാൾ. തിരുവനന്തപുരം സ്വദേശി അശ്വതിയും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരുക്കേറ്റിട്ടു ണ്ട്. ഒരാൾ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. സൗദി അറേബ്യയിലെ നർജാനിലാണ് അപകടമുണ്ടായത്. അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നേഴ്സുമാരാണ് അപകടത്തിൽ ഉൾപ്പെട്ടത്. മൃതദേഹങ്ങൾ താർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷിൻസി ഫിലിപ്പിന്റെ ഭർത്താവ് ബിജോ കുര്യൻ ബഹറൈനിൽ നേഴ്സാണ് . ഇതുവരെ ജോലി ചെയ്ത നർജാനിലെ ആശുപത്രിയിൽ നിന്നും ജോലി ഉപേക്ഷിച്ച് ബഹറിനിലെ ഭർത്താവിന്റെയടുത്തേക്ക് ഇന്ന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷിൻസി ഫിലിപ്പ് . ഇരുവരുടെയും വിവാഹം കഴിഞ്ഞ് 4 മാസം കഴിഞ്ഞതെയുള്ളു. 2021 ജനുവരി 24നായിരുന്നു ബിജോ കുര്യന്റെയും ഷിൻസി ഫിലിപ്പിന്റെയും വിവാഹം.