video
play-sharp-fill
രണ്ടു ദിവസം: ആറ് അപകടം, വീട്ടമ്മയടക്കം നാല് മരണം: ജില്ലയ്ക്കു അപകട ഞായർ..!

രണ്ടു ദിവസം: ആറ് അപകടം, വീട്ടമ്മയടക്കം നാല് മരണം: ജില്ലയ്ക്കു അപകട ഞായർ..!

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസങ്ങളിലായി ജില്ലയിലുണ്ടായ ആറ് അപകടങ്ങളിലായി നാലു മരണങ്ങൾ. കനത്ത മഴ പെയ്ത ഞായറാഴ്ച മാത്രം ജില്ലയിൽ നാല് അപകടങ്ങളിലായി വീട്ടമ്മ അടക്കം മൂന്നു പേരാണ് മരിച്ചത്.  ശനിയാഴ്ച ഉച്ചയ്ക്ക് പാമ്പാടിയിലും വൈകിട്ട് ആർപ്പൂക്കര മണിയാപറമ്പിലും ഉണ്ടായ അപകടത്തിനു പിന്നാലെ, ഞായറാഴ്ച പാലായിലും, ഏറ്റുമാനൂരിലും, കാരിത്താസിലും കുമാരനല്ലൂരിലുമാണ് തുടർച്ചയായ അപകടങ്ങളുണ്ടായത്. കനത്ത മഴയും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയിരിക്കുന്നത്.
പാമ്പാടിയിൽ മരിച്ച സണ്ണി
പാമ്പാടിയിലും, പാലായിലും, ഏറ്റുമാനൂരിലും, കാരിത്താസിലും അപകടങ്ങളിൽ ഓരോരുത്തർ വീതം മരിക്കുകയും ചെയ്തു.
പാമ്പാടിയിൽ പൊതിച്ചോറുമായി പോയ ലോറി ബൈക്കിന്റെ പിന്നിലിടിച്ച് വെള്ളൂർ അണ്ണാടിവയൽ ഞാറയ്ക്കൽ എൻ.വി.കുര്യാക്കോസാണ് (സണ്ണി-68) മരിച്ചത്. കുര്യാക്കോസിന്റെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം11ന് പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാമ്പാടി വെള്ളൂർ ഏഴാം മൈലിന് സമീപം ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്ന സണ്ണിയുടെ ബൈക്കിൽ പിന്നിൽ നിന്നെത്തിയ മിനി ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
വളവിൽ ബൈക്കിനെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സണ്ണിയെ നാട്ടുകാർ ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളജിൽ വിതരണം ചെയ്യാനുള്ള പൊതിച്ചോറുമായി പോയ ലോറിയാണ് അപകടത്തിനു കാരണമായതെന്ന് പാമ്പാടി പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്തു. ഭാര്യ: പുതുപ്പള്ളി അഞ്ചേരി തടത്തിൽ ഏലിയാമ്മ. മകൻ: ഗീവർഗീസ് (സിംഗപ്പൂർ). മരുമകൾ: അനു (സിംഗപ്പൂർ).
മരിച്ച അനന്തു
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു രണ്ടാമത്തെ അപകടം.
ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ റാണി റൈസിന്റെ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവഞ്ചൂർ കോമളശേരി കെ.എസ് അനന്തു (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവഞ്ചൂർ ആലത്തുപറമ്പിൽ അനന്തുസജിമോനെ (15) പരിക്കുകളോടെ കോട്ടയം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ ചെറുവാണ്ടൂരിലായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. കെ.എസ് അനന്തുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ചെറുവാണ്ടൂർ ഭാഗത്തു വ്ച്ചു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റാണി റൈസിന്റെ ലോറിയുടെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് വണ്ടയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും കാരിത്താസിലെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ചാണ് അനന്തുമരിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ മാറ്റിയിട്ടു. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.
പാലായിൽ മരിച്ച ഔസേപ്പച്ചൻ
 പാലാ തൊടുപുഴ റോഡിൽ അന്തീനാടിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് പാലാ വേഴാങ്ങാനം പുരയിടത്തിൽ ജോയി മിനി  ദമ്പതികളുടെ മകൻ ഔസേപ്പച്ചൻ (19) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ടെ അന്തീനാട് അമ്പലത്തിന് സമീപത്തു വച്ച് പിക്കപ്പ് വാനിന്  പിന്നിൽ ഔസേപ്പച്ചൻ ഓടിച്ച സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. കൊല്ലപ്പള്ളി േെപട്രാൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം തിരികെ വേഴങ്ങാനത്തെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത് . നാട്ടുകാർ ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.      മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി . പാലാ പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്  ഔസേപ്പച്ചൻ.
മരിച്ച ബിന്ദു
ഞായറാഴ്ച രാവിലെ പത്തുമണിയോടെ  റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാരിത്താസ് അമ്മഞ്ചേരിയിൽ വാടകയ്ക്കു താമസിക്കുന്ന എരുമേലി ഇടകടത്തി മാത്യു ജോർജിന്റെ ഭാര്യ ആറാക്കൽ ബിന്ദു മാത്യു (41)വാണ് മരിച്ചത്. രാവിലെ പത്തുമണിയോടെ പള്ളിയിലേയ്ക്കു പോകാനിറങ്ങിയ ബിന്ദുവിനെ എം.സി റോഡിലൂടെ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്നു ബോധരഹിതായ വീട്ടമ്മയെ കാരിത്താസ് ആശുപത്രിയിൽ പ്രവശേിപ്പിച്ചു. ട്രോമാ കെയർ ഐ.സി.യുവി. നിരീക്ഷണത്തിലായിരുന്നു ബിന്ദു രാത്രി വൈകി മരിക്കുകയായിരുന്നു. മക്കൾ – ജെറിൻ മാത്യു, ജെർളിൻ മാത്യു
ശനിയാഴ്ച രാത്രിയിൽ ആർപ്പൂക്കരയിലായിരുന്നു മറ്റൊരു അപകടം. കരിപ്പൂത്തട്ടിലെ റാണി റൈസ് മില്ലിലേയ്ക്ക് നെല്ല് കയറ്റിവന്ന ലോറിയാണ് തോട്ടിലേയ്ക്കു മറിഞ്ഞത്. തകഴി യിൽ നിന്നും  30 ടണ്ണിനടുത്ത് നെല്ലുമായി വന്ന ലോറി ആർപ്പുക്കര കരിപ്പ് പാലത്തിനടുത്തുള്ള കുരിശിൻതൊട്ടിക്കടുത്ത് വച്ചാണ് മറിഞ്ഞത്. എതിരെ വന്ന ടോറസ് വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം.
കുമാരനല്ലൂരിൽ വൈകിട്ട് നാലരയോടെയാണ് മറ്റൊരു അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.