
പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. ഓട്ടോഡ്രൈവറും യാത്രക്കാരനും ആണ് മരിച്ചത്. തൃക്കല്ലൂർ സ്വദേശികളായ അസീസ്, അയ്യപ്പൻകുട്ടി എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് തച്ചമ്പാറയിൽ എട്ടു മണിയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർ അസീസിൻ്റെ മരണ വിവരമറിഞ്ഞതിന് പിന്നാലെ ഭാര്യമാതാവിൻ്റെ സഹോദരി മരിച്ചു. തൃക്കലൂർ കമ്മളാംകുന്ന് നഫീസയാണ് മരിച്ചത്. മരണ വിവരം കേട്ടയുടനെ ബോധരഹിതയായ നഫീസയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസീസിന്‍റെ വീട്ടിലാണ് നഫീസയും താമസിച്ചിരുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ദേശീയപാതയിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് ഇറങ്ങുകയായിരുന്നു ഓട്ടോറിക്ഷ. അതിനിടെയാണ് ബസ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഇരുവരുടെയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group