play-sharp-fill
പെരുമ്പുഴ വളവില്‍ വീണ്ടും അപകടം; ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡിലെ പെരുമ്പുഴ വളവില്‍ അപകടങ്ങള്‍ പതിവ് കാഴ്ച്ച; അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധിച്ച് നാട്ടുകാര്‍

പെരുമ്പുഴ വളവില്‍ വീണ്ടും അപകടം; ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡിലെ പെരുമ്പുഴ വളവില്‍ അപകടങ്ങള്‍ പതിവ് കാഴ്ച്ച; അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധിച്ച് നാട്ടുകാര്‍

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍: പെരുമ്ബുഴ വളവില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡില്‍ മുണ്ടുവേലിപ്പടി കവലയ്ക്കും ഓണംതുരുത്ത് കവലയ്ക്കും ഇടയില്‍ പെരുമ്ബുഴ വളവില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.


ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വെച്ചൂര്‍ ഭാഗത്തേക്ക് പോയ ലോറി വളവില്‍ നിയന്ത്രണം വിട്ട് ഇരുമ്ബു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വലിയ ഇരുമ്ബു പോസ്റ്റ് വളച്ച്‌ തൊട്ടടുത്ത മതിലിലേക്ക് ഇടിച്ചുകയറിയാണ് ലോറി നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കും പരിക്കില്ല. പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി നിലച്ചു. രണ്ടു വളവുകള്‍ അടുത്തടുത്തുവരുന്ന ഇവിടം സ്ഥിരം അപകടമേഖലയാണ്. വളവില്‍ റോഡിന് വീതി കുറവുമാണ്.

ഒരു മാസം മുമ്ബും ഇവിടെ വാഹനമിടിച്ച്‌ വൈദ്യുതി പോസ്റ്റ് തകര്‍ന്നിരുന്നു. അന്നു മാറ്റി സ്ഥാപിച്ച പോസ്റ്റാണ് ഇന്നലത്തെ അപകടത്തില്‍ തകര്‍ന്നത്.

 

ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡിലെ പെരുമ്പുഴ വളവില്‍ അപകടങ്ങള്‍ സ്ഥിരമാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ത്തന്നെ ഇരുപതോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായി. ആളപായം ഉണ്ടാകാത്തത് ഭാഗ്യംകൊണ്ടു മാത്രമെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരു മാസം മുമ്ബ് ഇന്നലെ അപകടമുണ്ടായ സ്ഥലത്തുതന്നെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി അപകടം ഉണ്ടായിരുന്നു. അന്നു തകര്‍ന്ന ഇരുമ്ബു പോസ്റ്റ് ഇപ്പോഴും റോഡരികില്‍നിന്ന് നീക്കം ചെയ്തിട്ടില്ല. ഇവിടെ റോഡില്‍ തൊട്ടടുത്തടുത്തായി രണ്ടു വളവുകളുണ്ട്.

ഇതില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുമ്ബോഴുള്ള വളവിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കോട്ടമുറി മുതല്‍ റോഡില്‍ വളവുകളില്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലായിരിക്കും. തൊട്ടടുത്തെത്തുമ്ബോള്‍ മാത്രമേ വളവ് ശ്രദ്ധയില്‍പ്പെടുകയുള്ളു.

പെട്ടെന്ന് വേഗം കുറയ്ക്കാൻ ശ്രമിക്കുമ്ബോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയാണു ചെയ്യുന്നത്. സ്ഥിരം അപകടമേഖലയായിട്ടും വേഗനിയന്ത്രണത്തിനോ, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വേഗ നിയന്ത്രണത്തിന് റമ്ബിള്‍ സ്ട്രിപ്പും അപകട മുന്നറിയിപ്പു നല്‍കാൻ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് അതിരമ്ബുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ ജോജോ ജോര്‍ജ് ആട്ടേല്‍ ആവശ്യപ്പെട്ടു.