തിരുവോണദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: തിരുവോണദിവസം കുമരകത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരപരുക്കകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം തേവർക്കാട്ട്‌ശ്ശേരി സുമയുടെ മകൻ ആകർഷ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുമരകം പുത്തൻപറമ്പിൽ റെജിയുടെ മകൻ ശ്രീകുമാർ(27) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിവസം വൈകിട്ട് 4 മണിയോടെ കുമരകം കവണാറ്റിൻകര പാലത്തിനു സമീപം ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിലിടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്നും തണ്ണീർമുക്കത്തേക്ക് പോകുകയായിരുന്നു ബൈക്ക്. എതിർദിശയിൽനിന്നുമെത്തിയ കാറിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ആകർഷിനേയും ശ്രീകുമാറിനേയും ഓടികൂടിയ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും ആകർഷ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ശ്രീകുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആകർഷിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.