പരിശോധിച്ചത് 200-ലധികം സി സി ടി വി ദൃശ്യങ്ങള്‍; മാന്നാറില്‍ വഴിയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി പൊലീസ് കണ്ടെത്തി
സ്വന്തം ലേഖകൻ
മാന്നാര്‍: വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം ഒന്നര ആഴ്ച്ചക്ക് ശേഷം പൊലീസ് കണ്ടെത്തി.
മെയ് മാസം എട്ടാം തീയതി രാവിലെ അഞ്ചര മണിക്ക് മാന്നാര്‍ പരുമല ജങ്ഷന് വടക്ക് വശത്തു വെച്ചാണ് റാന്നി ഇടമണ്‍ സ്വദേശിയായ നടേശന്‍ എന്നയാളിനെ നിയന്ത്രണം തെറ്റി വന്ന ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് രണ്ട് മണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്ന നടേശനെ മാന്നാറിലെ മാധ്യമ പ്രവര്‍ത്തകനായ അന്‍ഷാദ് മാന്നാര്‍ ആണ് സുഹൃത്ത് ജയേഷിന്റെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടേശന്‍ ഇപ്പോഴും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടം നടന്ന അന്ന് തന്നെ പൊലീസ് സിസിടിവി പരിശോധന നടത്തിയതില്‍ നിന്നാണ് ലോറി ആണ് ഇടിച്ചത് എന്ന് മനസിലായത്.
എന്നാല്‍ അന്ന് വാഹനത്തിന്റെ നമ്പര്‍ കിട്ടിയിരുന്നില്ല. തുടര്‍ന്നും മാന്നാര്‍ പൊലീസ് വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു.
ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും ഇവിടെ നിന്നെങ്ങും വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി ഈ വാഹനം പോയ ദിശ മനസിലാക്കി മാന്നാര്‍ വിട്ടുള്ള സ്ഥലങ്ങളിലെയും ക്യാമറ പൊലീസ് പരിശോധിച്ച് വരവേ കോട്ടയം ജില്ലാ പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണത്തില്‍ എംസി റോഡില്‍ ളായിക്കാട് ഭാഗത്തെ ക്യാമറയില്‍ നിന്നാണ് വാഹനത്തിന്റെ നമ്പര്‍ ലഭിച്ചത്.
തുടര്‍ന്ന് കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ആളിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് തിരുവനന്തപുരം പാറശാലയില്‍ ഒരു കമ്പനിയിലെ വാഹനമാണെന്നും വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പൊലീസ് പറഞ്ഞു. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഒ ജി സുരേഷ് കുമാര്‍ . എസ്‌ഐ ഹരോള്‍ഡ് ജോര്‍ജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, ഹാഷിം, അനീഷ്, സാജിദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് വാഹനം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തിയത്.