വൈക്കത്തെ റോഡ് അപകടം: വില്ലൻ അശ്രദ്ധ ഒന്നു മാത്രം; ഡ്രൈവർമാർക്കൊപ്പം പ്രതിസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പും; മോട്ടോർ വാഹന വകുപ്പിന്റെ റോഡ് അപകട റിപ്പോർട്ട് പുറത്ത്

വൈക്കത്തെ റോഡ് അപകടം: വില്ലൻ അശ്രദ്ധ ഒന്നു മാത്രം; ഡ്രൈവർമാർക്കൊപ്പം പ്രതിസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പും; മോട്ടോർ വാഹന വകുപ്പിന്റെ റോഡ് അപകട റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്തെ റോഡ് അപകടത്തിൽ പ്രധാന വില്ലൻമാരായി ഡ്രൈവർമാരെ ചൂണ്ടിക്കാട്ടുന്ന മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും, പൊലീസും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തായത്. അപകടത്തിൽ ഡ്രൈവർമാരുടെ അശ്രദ്ധയ്‌ക്കൊപ്പം തന്നെ പ്രതിസന്ധാനത്ത് നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏഴിനു പുലർച്ചെയാണ് വൈക്കം ചേരുംചുവട് പാലത്തിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ ദാരുണമായി കൊല്ലപ്പെട്ടത്. ചേർത്തല വേളാർ വട്ടം ക്ഷേത്രത്തിൽ ദർശനത്തിനായി പോയ ഉദയം പേരൂർ പത്താം മൈൽ മനയ്ക്കപ്പറമ്പിൽ വിശ്വനാഥൻ (62) , ഭാര്യ ഗിരിജ (57) , മകൻ സൂരജ് (32) , വിശ്വനാഥന്റെ അനുജൻ സതീശന്റെ ഭാര്യ അനിത (49) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്റെ പ്രധാന കാരണം ഡ്രൈവർമാരുടെ ശ്രദ്ധക്കുറവാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രദേശവാസി അല്ലാത്ത കാർ ഡ്രൈവർക്ക് സ്ഥലത്തേക്കുറിച്ചോ വഴിയെക്കുറിച്ചോ നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ , ഈ വഴിയിലൂടെ സ്ഥിരം സർവീസ് നടത്തുന്ന ബസ് ഡ്രൈവർക്ക് വഴിയും , ഇടവഴികളും കൃത്യമായി അറിയാമായിരുന്നു.

ഇടവഴിയിൽ നിന്നും കയറി വന്ന കാർ ബസ് കണ്ടതായോ ബ്രേക്ക് ചെയ്തതായോ സൂചനകൾ ഒന്നും ഇല്ല. കാറും ബസും നേർക്കുനേർ വന്നത് കണ്ടിരുന്നെങ്കിൽ ബ്രേക്ക് ചെയ്തേനെ. ഉത്തരത്തിൽ ബ്രേക്ക് ചെയ്തതിന്റെ ടയർ മാർക്ക് റോഡിൽ കാണാനില്ല. ഇത് വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയാതിരുന്നത് കൊണ്ടാണെന്ന് അപകട ദിവസം തന്നെ സ്ഥലം സന്ദർശിച്ച എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ടോജോ എം. തോമസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിന് മുമ്പ് കാറിന് വഴി തെറ്റിയിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വൈക്കം തണ്ണീർമുക്കം റോഡിലേക്ക് പോകേണ്ട കാർ പരിചയക്കുറവ് മൂലം തലയോലപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ വാഹനം തിരികെ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടമുണ്ടായ ചേരുംചുവട് പാലത്തിന് മുൻപിൽ നാൽക്കവല ആണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കണ്ടത് പൊതുമരാമത്തിന്റെ ചുമതലയാണ്. ഈ ചുമതല നിർവഹിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടതായി മോട്ടോർ വാഹന വകുപ്പിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.

അപകടം നടന്നപ്പോൾ ചേരുംചുവട് പാലത്തിൽ കാഴ്ച മറയ്ക്കത്തക്ക രീതിയിൽ കുറ്റിക്കാട് വളർന്നിരുന്നു. ഇതിനാൽ അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങൾക്കും പരസ്പരം കാണാനായില്ലന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട കാർ അമിതവേഗതിയിൽ പോയതിന് പ്രദേശത്തെ ആറ് ക്യാമറകളിൽ തെളിവുണ്ട്. അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന്റെ സ്പീഡ് ഗവണർ പ്രവർത്തിച്ചിരുന്നോ എന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.

ചേരുചുവട് പാലത്തിന് മുമ്പിൽ നാൽകലയാണെന്ന് സൂചിപ്പിക്കുന്ന ബോർഡും അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിന് പഠന റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകുന്നു.