ഇടിച്ചു വീഴ്ത്തിയ ടോറസിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരെ നിരക്കി നീക്കിയത് മീറ്ററുകളോളം: മോനിപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ഇലഞ്ഞി സ്വദേശികളായ രണ്ടു പേർക്കു ദാരുണാന്ത്യം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ടോറസ് ലോറി ഇരുവരെയും വലിച്ചുകൊണ്ടു മുന്നോട്ടു പാഞ്ഞത് പത്തു മീറ്ററിലേറെ. അപകടത്തിൽ പരിക്കേറ്റ ഇരുവരും ദാരുണമായി മരിച്ചു. കുറവിലങ്ങാട് മോനിപ്പള്ളി ടൗണിൽ പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മരിച്ചവർ രണ്ടു പേരും ഇലഞ്ഞി സ്വദേശികളാണ് എന്നാണ് സൂചന.
മോനിപ്പള്ളി പള്ളിയുടെ മുന്നിലെ ഇറക്കം ഇറങ്ങിയെത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മോനിപ്പള്ളി ആലപുരം ഭാഗത്തു നിന്നും വന്നതാണെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. എന്നാൽ, ബൈക്ക് ടോറസ് ലോറിയ്ക്കു മുന്നിൽ പോയതാണ് എന്ന സംശയവും ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറി നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കുടുങ്ങിയ ബൈക്കിനെ മീറ്ററുകളോളം വലിച്ചു നീട്ടി കൊണ്ടു പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് യെല്ലോ സോണിലേയ്ക്കാണ് ഇരുവരുടെയും മൃതദേഹങ്ങൾ എത്തിച്ചിരിക്കുന്നത്. കൊവിഡ് പരിശോധന നടക്കുന്നതിനാൽ ഇരുവരുടെയും പേരും വിവരങ്ങളും പുറത്തു വിട്ടിട്ടുമില്ല.