സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് റിട്ട.സർവകലാശാല ജീവനക്കാരൻ മരിച്ചു. പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ വാഹനം പാഞ്ഞ് കയറുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. അതിരമ്പുഴയിലെ സർവകലാശാല ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തൃപ്പൂണിത്തുറ മുല്ലയ്ക്കൽ നഗർ തുണ്ടത്തിൽ വീട്ടിൽ എം.ജി.യൂണിവേഴ്‌സിറ്റി റിട്ട സെക്ഷൻ ഓഫീസർ ടി.വേണുഗോപാലാണ് (57) ദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനു സമീപം വിമല ആശുപത്രിയ്ക്ക് മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു വേണുഗോപാൽ. ബംഗളൂരുവിൽ പഠിക്കുന്ന മകന്റെ അടുത്തേയ്ക്ക് ശനിയാഴ്ച പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം. ഇതിനായാണ് ഇദ്ദേഹം ഏറ്റുമാനൂർ നഗരത്തിൽ എത്തിയതും. തുടർന്ന് ഇദ്ദേഹം എത്തിയ ബൈക്ക് റോഡിന്റെ ഇടത്തേയ്ക്ക് തിരിയുന്നതിനിടെ അമിത വേഗത്തിൽ കോട്ടയം ഭാഗത്തു നിന്നും സ്വകാര്യ ബസ് പാഞ്ഞെത്തുകയായിരുന്നു. കോട്ടയത്തു നിന്നും പിറവം – കോലഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ആവണി ബസാണ് പാഞ്ഞെത്തി വേണുഗോപാലിനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ്, പത്തു മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിൽ തെറിച്ചു വീണ വേണുഗോപാലും ബൈക്കും ബസിന്റെ അടിയിൽ കുടുങ്ങി. റോഡിലൂടെ നിരങ്ങി നീങ്ങിയ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ പലതവണ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കകൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.ജി.യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ ബിന്ദുവാണ് ഭാര്യ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിൽ. അപകടത്തെ തുടർന്ന് ബസ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.