play-sharp-fill
എം.സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറി; കാൻസർ രോഗിയായ വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

എം.സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറി; കാൻസർ രോഗിയായ വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറി വൻ അപകടം. കാൻസർ രോഗിയായ വീട്ടമ്മ കിടന്ന മുറിയുടെ ഒരു ഭാഗം തകർത്താണ് കാർ നിന്നത്. അപകടത്തിൽ നിന്നും വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു.

എം.സി റോഡരികിൽ മറിയപ്പള്ളിൽ വാലുപറമ്പിൽ ശാന്തമ്മയുടെ വീട്ടിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. തിരുവല്ലയിൽ നിന്നും കുടമാളൂരിലെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഡെന്നീസ് മാത്രമാണ് കാറിനുള്ളിലുണ്ടായിരുന്നത്. കോട്ടയം ഭാഗത്തേയ്ക്കു വരുന്നതിനിടെ മുന്നിൽ പോയ കാർ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം നിയന്ത്രണം നഷ്ടമായ കാർ ഇടത്തേയ്ക്കു വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ കാർ പാഞ്ഞു കയറിയത് റോഡരികിലെ വീട്ടിലേയ്ക്കാണ്. വീടിന്റെ ഭിത്തി തകർത്താണ് കാർ നിന്നത്. കാറിനുള്ളിൽ ഡ്രൈവർ കുടുങ്ങിപ്പോയി. അഗ്നിരക്ഷാ സേനയെത്തിയാണ് കാർ ഡ്രൈവറെ പുറത്തിറക്കിയത്. അപകടത്തെ തുടർന്നു വീട്ടുകാരും വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ കുടുങ്ങി. അഗ്നിരക്ഷാ സേന തന്നെയാണ് ഇവരെയും രക്ഷിച്ചത്.

കാൻസർ രോഗിയായ ശാന്തമ്മയുടെ മകൻ അനി നേരത്തെ മരിച്ചിരുന്നു. ശാന്തമ്മയും മകന്റെ ഭാര്യ സുജയും, മക്കളായ അനുജയും അജയുമാണ് വീട്ടിലുണ്ടായിരുന്നത്. കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു നീക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തെ തുടർന്നു വീട്ടിലേയ്ക്കു വൈദ്യുതി എത്തിക്കുന്ന പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നു, വീടിനു മുകളിൽ വൈദ്യുതി ലൈൻ വീണത് പരിഭ്രാന്തി പടർത്തി. തുടർന്നു കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.