അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ചുകയറി, നിലത്തുവീണ യാത്രക്കാരുടെ മേൽ തൂങ്ങി നിന്നു; അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പയ്യാനക്കല്‍ സ്വദേശിനി ഫാത്തിമ സുഹറ, ചെലവൂര്‍ കടയാട്ടുപറമ്പ് അലിമ സന്‍ഹ, അബ്ദു ലത്തീഫ് മൂഴിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കുന്നമംഗലം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാര്‍ മൂഴിക്കല്‍ ടൗണിന് സമീപം സര്‍വീസ് സ്റ്റേഷനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നാല് സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും താഴ്ചയിലേക്ക് വീണു. കാര്‍ ഇവരുടെ മുകളിലായി പാതിഭാഗം തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വെള്ളിമാട്കുന്ന് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥന്‍ ഷജില്‍ കുമാറിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ് വന്‍ ദുരന്തം ഒഴിവായത്.
കാറില്‍ നെല്ലിക്കാപറമ്പ് സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ കയര്‍ കൊണ്ടുവന്ന് കാറിന്റെ പിന്‍ഭാഗത്ത് കെട്ടി താങ്ങി നിര്‍ത്തി. താഴ്ചയില്‍ ഇറങ്ങിയ ഷജില്‍ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ മുകളിലേക്ക് കയറ്റുകയായിരുന്നു.
അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇസി നന്ദകുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ നൗഷാദ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെപി ബാലന്‍, ജിതിന്‍ ബാബു, ചെസിന്‍ ചന്ദ്രന്‍, എപി ജിതേഷ്, കെപി സതീഷ്, കെടി നിഖില്‍, മുഹമ്മദ് ഷഹദ്, ഹോംഗാര്‍ഡ് കുട്ടപ്പന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.