മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്  സ്വകാര്യ ബസിടിച്ച് ദാരൂണാന്ത്യം; അപകടം നടന്നയുടന്‍ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങിയോടി; പ്രതികള്‍ക്കായി തിരച്ചിൽ നടത്തി പോലീസ്

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകന്‍ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.

വൈകീട്ട് അഞ്ച് മണിക്ക് വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മര്‍ഹാന്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മര്‍ഹാനെ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങിയോടി. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം തലവിള പേരൂര്‍ എംഎംയുപിഎസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മര്‍ഹാന്‍.