ഏറ്റുമാനൂരിലെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു; മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും കാണക്കാരി മാഞ്ഞൂർ ഭാഗത്ത് കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനുമായ കുമാരനാ(48)ണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്കുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുമാരൻ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപത്തെ കൊടുംവളവിലായിരുന്നു അപകടം. പാലക്കാടു നിന്നും കോട്ടയത്തിനു കള്ളുമായി എത്തിയ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്‌കൂട്ടർ നിയന്ത്രണം വിട്ടു വരുന്നത് കണ്ട് ലോറി ഒരു വശത്തേയ്ക്ക് ഒതുക്കിയെങ്കിലും, അപകടം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടറിൽ നിന്നും യാത്രക്കാരനെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.
കടുത്തുരുത്തി കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനാണ് കുമാരൻ. ഇവിടെ ജോലി ചെയ്തിരുന്ന കുമാരൻ ജോലിയുടെ ആവശ്യത്തിനായി കോട്ടയം നഗരത്തിൽ പോയ ശേഷം തിരികെ സ്‌കൂട്ടറിൽ വരികയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട് ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ചത്.
Third Eye News Live
0