വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രികന്‍റെ മരണം; സൂചന ബോര്‍ഡില്ലാത്തത് വീഴ്ച; പൊലീസ് അനാസ്ഥയും കാരണമായെന്ന് പരാതി; റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി

Spread the love

പാലക്കാട്: എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ഇടിച്ച്‌ ബൈക്ക് യാത്രികൻ അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂർ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

വൈദ്യുത പോസ്റ്റ് റോഡില്‍ വീണുകിടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ്. രാത്രി വൈദ്യുതി പോസ്റ്റ് മാറ്റുന്നതില്‍ ജീവനക്കാര്‍ക്ക് പരിമിതിയുണ്ട്.

പല സ്ഥലത്തും ജോലിത്തിരക്കായതിനാലാണ് ഫോണ്‍ എടുക്കാത്തത്. തിരുവനന്തപുരത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വൈദ്യുത പോസ്റ്റിലിടിച്ച്‌ ഗഫൂര്‍ മരിക്കാനിടയായ അപകടത്തിന് പൊലീസ് അനാസ്ഥയും കാരണമായെന്ന് പരാതിയുണ്ട്. ബൈക്ക് അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ് പുലർച്ചെ റോഡിലേക്ക് വീണതിന് ശേഷം ആദ്യം ഒരു അപകടമുണ്ടായിരുന്നു.

അമ്പലത്തിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ പൂജാരിയാണ് പുലർച്ചെ റോഡില്‍ വീണ പോസ്റ്റില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് രണ്ട് പൊലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തി. എന്നാല്‍ റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യാതെ പൊലീസ് സംഘം മടങ്ങി. പൊലീസ് അനാസ്ഥയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.