കുഴല്‍ക്കിണറില്‍ അഞ്ചു ദിവസത്തോളം കുടുങ്ങിക്കിടന്നു ; ഒടുവിൽ രണ്ടു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി
സ്വന്തംലേഖകൻ
തിരുവനന്തപുരം : പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ അഞ്ചു ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരന്‍ ഒടുവിൽ മരണത്തിനു കീഴടങ്ങി.
150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അഞ്ചുദിവസത്തോളം കുടുങ്ങിക്കിടന്നതിന് ശേഷം ഇന്ന് രാവിലെയാണ് ഫത്തേഹ്വീര്‍ സിംഗിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഗ്രൂര്‍ ജില്ലയിലാണ് സംഭവം.115 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്നിരുന്ന കുട്ടിയെ സമാന്തരമായെടുത്ത കുഴിയില്‍ നിന്ന് 36 ഇഞ്ച് വ്യാസത്തില്‍ ഒരു കുഴല്‍ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. സൈന്യത്തിലെയും ദേശീയ ദുരന്തനിവാരണ സേനയിലെയും 26 അംഗ ദൗത്യസംഘം രാപകല്‍ ഭേദമന്യേ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ജൂണ്‍ ആറിന് വൈകിട്ട് നാലോടെയാണ് ഫത്തേഹ്വീര്‍ സിംഗ് വീണത്. ജൂണ്‍ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവില്‍ റിപ്പോര്‍ട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.