നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; 20 മിനിറ്റോളം രക്തം വാർന്നു റോഡിൽ കിടന്നു, മരിച്ചെന്ന് കരുതി ജനം നോക്കി നിന്നു; യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ആലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്.
കാൽനട യാത്രക്കാരനായ രാഹുലിനെയും (30) കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനടയാത്രക്കാരനായ രാഹുലിനെയും കാർ ഇരിക്കുകയായിരുന്നു.
കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചോരയിൽ കുളിച്ചു ചലനമറ്റ് കിടന്ന ധനീഷ് മരിച്ചെന്ന് കരുതി ഇതിൽ കയറ്റിയില്ല. റോഡരികിൽ രക്തം വാർന്ന് 20 മിനിറ്റോളം ധനീഷ് കിടന്നു . അപകട സമയം തടിച്ചു കൂടിയ ജനം യുവാവ് മരിച്ചെന്ന് കരുതി കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
കോടംതുരുത്ത് ഗവ. എൽപി സ്കൂൾ അധ്യാപകരായ എം ധന്യയും ജെസി തോമസും ആൾക്കൂട്ടം കണ്ടാണ് അന്വേഷിച്ചു ചെന്നത്. ധനീഷിന്റെ നാഡിമിടി പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു മനസിലായി.
അധ്യാപികമാർ തന്നെ അതുവഴി വന്ന വാഹനം കൈകാട്ടി നിർത്തി. ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരൻ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേർന്നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു.