play-sharp-fill
ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സ്‌കൂട്ടർ മറിഞ്ഞ് പയ്യപ്പാടി സ്വദേശിയായ നഴ്‌സിന് ദാരുണാന്ത്യം: അപകടമുണ്ടായത് വീട്ടിൽ നിന്നും ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ; ഭർത്താവ് ഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രിയിൽ

ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സ്‌കൂട്ടർ മറിഞ്ഞ് പയ്യപ്പാടി സ്വദേശിയായ നഴ്‌സിന് ദാരുണാന്ത്യം: അപകടമുണ്ടായത് വീട്ടിൽ നിന്നും ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ; ഭർത്താവ് ഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ, നിർമ്മാണത്തിലിരുന്ന വീട്ടിലെത്തിയ ശേഷം മടങ്ങിയ നഴ്‌സായ വീട്ടമ്മ സ്‌കൂട്ടർ മറിഞ്ഞ് മരിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് വീട്ടിൽ സോണി ഐപ്പിന്റെ ഭാര്യ ജൂണിയ സൂസൻ ഐപ്പ് (31)ആണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് സോണി കാരിത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.  ഖത്തറിലായിരുന്ന ഭർത്താവ് സോണി ഗൃഹപ്രവേശനത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മന്ദിരം ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് മരിച്ച ജൂണിയ. 
ഞായറാഴ്ച വൈകിട്ട് നാലരയോടെ പുതുപ്പള്ളി – പയ്യപ്പാടി റോഡിൽ പയ്യപ്പാടി പൊയ്കയിൽപ്പടിയ്ക്ക് സമീപമായിരുന്നു അപകടം. മന്ദിരം ആശുപത്രിയിലെ ജോലിയ്ക്ക് ശേഷം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് എത്തിയതായിരുന്നു ജൂണിയ. വീട്ടിൽ എത്തി ഇവിടെയുണ്ടായിരുന്ന ഭർത്താവ്, സോണിയ്‌ക്കൊപ്പം തിരികെ വീട്ടിലേയ്ക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടത്. തുടർന്ന് ഇവിടെ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ തലയിടിച്ച് വീണ ജൂണിയ ഉടൻ തന്നെ അബോധാവസ്ഥയിലായി. തലയിടിച്ച് വീണ സോണിയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ എത്തിച്ചപ്പോഴേയ്ക്കും ജൂനിയ മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോണിയെ കാരിത്താസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജൂനിയയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. 
മക്കൾ – നിയാ ആൻ സോണി (ആറ് വയസ്), ബോവസ് വി.സോണി (മൂന്നര).