
വിദേശത്തേക്ക് മടങ്ങാനിരിക്കെ ജെസിന്റെ കുടുംബത്തെ ദുരന്തം കവർന്നു; കട്ടപ്പനയില്‍ പോയി മടങ്ങിയ യാത്ര ഭാര്യയുടെ മരണത്തിലേക്ക്; ചങ്ങനാശേരി പൂവത്തുംമൂട്ടില്‍ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ അപകടമുമ്ടായത് ഇങ്ങനെ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കുവൈറ്റിലേക്കു മടങ്ങാനിരിക്കെയാണ് തൃക്കൊടിത്താനം കളത്തിപ്പറമ്പില്‍ ജെസിന് കെ. ജോണിന്റെ കുടുംബത്തിന് അപകടം സംഭവിച്ചത് . ജെസിന് കുവൈറ്റിനു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ജസിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി (40)ക്ക് അപകടത്തില്‍ ദാരുണാന്ത്യം സംഭവിച്ചു.
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ മാടപ്പള്ളി പൂവത്തുംമൂട്ടില്‍ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദുരന്തം സംഭവിച്ചത്. ജെസിനും ഇവരുടെ മക്കളായ ജോവാന് ജെസിന് ജോണ്‍ (10), ജോനാ റോസ് ജെസിന് (ആറ്) എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈറ്റില്‍ ജോലിയിലുള്ള ജെസിനും കുടുംബവും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ജെസിന് കുട്ടനാട്ടിലെ കൊടുപ്പുന്ന സ്വദേശിയാണ്. ജെസ്റ്റി തായങ്കരി വടക്കേടം കളത്തിത്തറ കുഞ്ഞച്ചന്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ്.
പത്തുവര്‍ഷംമുമ്പാണ് ഇവര്‍ തൃക്കൊടിത്താനം ഫൊറോനാ പള്ളിക്കുസമീപം സ്ഥലം വാങ്ങി വീടുവച്ചത്. വിദേശത്തുനിന്നും വരുമ്പോള്‍ ഇവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെ ഈ വീട് വാടകയ്ക്കു നല്കി. ജെസിന്റെ ചാഞ്ഞോടിയിലുള്ള സഹോദരി വിദേശത്തു പോയതോടെ ജെസിനും കുടുംബവും ഇങ്ങോട്ടേക്കു താമസം മാറ്റി. ജെസ്റ്റിയും മക്കളും ഈ മാസം അവസാനം കുവൈറ്റിലേക്കു മടങ്ങാനായിരുന്നു പ്ലാന്‍. കട്ടപ്പനയില്‍ പോയി മടങ്ങുമ്പോള്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം.