play-sharp-fill
ബാലഭാസ്കറിന്റെ മരണം: പിന്നിൽ സാമ്പത്തിക ഇടപാടോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്: ബാലുവിന്റെ ഡ്രൈവർ പ്രതിക്കൂട്ടിൽ; എല്ലാം കാലം തെളിയിക്കുമെന്ന് അർജുൻ

ബാലഭാസ്കറിന്റെ മരണം: പിന്നിൽ സാമ്പത്തിക ഇടപാടോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്: ബാലുവിന്റെ ഡ്രൈവർ പ്രതിക്കൂട്ടിൽ; എല്ലാം കാലം തെളിയിക്കുമെന്ന് അർജുൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ മകൾ തേജസ്വിയ്ക്കൊപ്പം വാഹനാപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയും സാമ്പത്തിക ഇടപാടുകളുടെ രഹസ്യ ചതികളും ഉണ്ടെന്നാരോപിച്ച് ബാലുവിന്റെ പിതാവ് തന്നെ രംഗത്ത് എത്തി. ആരോപണമുന മുഴുവൻ ബാലുവിന്റെ ഡ്രൈവർ അർജുന് നേരെ നീണ്ടതോടെ അപകടം സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങളും സംശയവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട്ടുള്ള ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരക്കോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്നാണ് ബാലുവിന്റെ പിതാവ് സി.കെ ഉണ്ണിയുടെ വെളിപ്പെടുത്തലോടെയാണ് അപകടം തന്നെ ദുരൂഹമാണെന്ന സംശയം ഉയരുന്നത്. വായ്പ ലഭിച്ചത്
എസ്.ബി.ഐ വഴിയായിരുന്നു. തന്റെ സഹോദരനായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി മാനേജര്‍. അതിന് ശേഷമാണ് വളരെ ചെറിയ രീതിയിലായിരുന്ന ഡോക്ടറുടെ റിസോര്‍ട്ട് പെട്ടെന്ന് വളര്‍ച്ച പ്രാപിച്ചതെന്നും തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവേ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വാഹനമോടിച്ചിരുന്ന അര്‍ജുനെ ആ ആയുര്‍വേദ ഡോക്ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ ക്വട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനപൂര്‍വ്വം ഉണ്ടാക്കിയ കേസാണെന്ന് എനിക്ക് തോന്നി. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമേ പരിക്കുള്ളൂ. സത്യം എന്താണെന്ന് ദൈവത്തിനേ അറിയൂ.
പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് അവരുമായി ചങ്ങാത്തത്തിലായത്. പിന്നെ ഇടയ്ക്കിടെ അവിടെ താമസിക്കും. അന്നൊക്കെ ചെറിയൊരു ആശുപത്രിയായിരുന്നു അത്. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നരക്കോടി രൂപ ലോണ്‍ കൊടുത്തുവെന്നാണ് തന്റെ സഹോദരൻ പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു. അതിന് ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് അവിടെ ഉണ്ടായിരുന്നു. എന്നാല്‍, തെളിവുകളൊന്നും തരാനില്ലെന്നും വിതുമ്പലോടെ പിതാവ് പറയുന്നു.
ചെറുപ്പളശ്ശേരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബാലു എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. എനിക്ക് വയസ്സുകാലത്ത് ആകെ ഉണ്ടായിരുന്ന ഊന്നുവടിയാണ് ഇല്ലാതായതെന്നും തേങ്ങലോടെ പിതാവ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിതാവ് വെളിപ്പെടുത്തി. കരുതിക്കൂട്ടിയുള്ള അപകടമാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാമെന്നും പിതാവ് ആരോപിക്കുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. ആയുർവേദ റിസോർട്ടിലെ സ്ത്രീയുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കണം. അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. പരാതി നൽകിയിട്ടും ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
ബാലുവിന്റെ മരണവും ഇതിനു പിന്നിലെ ദുരൂഹതയും നീക്കാൻ പൊലീസ് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി ബാലുവിന്റെ പിതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന പോലീസ് കണ്ടെത്തൽ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ് അർജുൻ ആവർത്തിക്കുന്നു. അപകടത്തെ തുടർ‌ന്നുണ്ടായ പരുക്കുകൾ ഭേദമായി വരുന്നതെയുള്ളു. മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തന്റെ ജീവിത്തതെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അർജുൻ പറയുന്നു.പാലക്കാട്ടെ ആയുർവേദ ഡോക്ടറും കുടുംബവുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു.
പാലക്കാട്ടെ ഈ ആയുർവേദ ഡോക്ടറിന്റെ ബന്ധുവാണ് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അർജുൻ എന്ന് ബാലുവിന്റെ പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നാണ് അർജുൻ പോലീസിന് മൊഴി നൽകിയത്. എന്നാൽ ദീർഘദൂര യാത്രകളിൽ ബാലു വാഹനം ഓടിക്കാറില്ലെന്നും അപകടം നടക്കുമ്പോൾ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയതോടെയാണ് അപകടത്തിൽ കൂടുതൽ ദുരൂഹതകൾ സംശയിച്ച് തുടങ്ങിയത്. പിതാവിന്റെ പരാതിയെ തുടർന്ന് ഡോക്ടറെയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് പോലീസ്. എട്ട് ലക്ഷംരൂപ കടമായി വാങ്ങിയിരുന്നെന്നും ഇത് തിരിച്ച് നൽകിയെന്നും മൊഴി നൽകി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കിയിരുന്നു.
അതേസമയം അർജുൻ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. എടിഎം മോഷണം നടത്തിയ സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നാണ് കേസ്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്.